തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയുടെയും ആർ പാർവതി ദേവിയുടെയും മകൻ ഗോവിന്ദ് ശിവനും എറണാകുളം തിരുമാറാടി തേനാകര കളപ്പുരയ്ക്കൽ ജോർജ് – റെജി ദമ്പതികളുടെ മകൾ എലീന ജോർജും വിവാഹിതരായി. മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മന്ത്രിമന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ പങ്കെടുത്തു. നിരവധി പേരാണ് ആശംസ അറിയിച്ചു ലളിത വിവാഹത്തെ അഭിനന്ദിച്ചും കമന്റുകൾ ഇട്ടിരിക്കുന്നത്.
‘കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരം ഒരു ചടങ്ങ് ലളിതമായി നടത്തി എല്ലാവർക്കും എല്ലാ രീതിയിലും മാതൃകയായ പ്രീയപ്പെട്ട ശിവൻ കുട്ടി സഖാവിന് അഭിവാദ്യങ്ങൾ, നവ ദമ്പതികൾക്ക് ആശംസകൾ നേരുന്നു സഖാവേ…,
മകന്റെ വിവാഹം ഇത്രയും ലളിതമായി, ആഡംബര രഹിതമായി നടത്തി മാതൃക കാട്ടിയ സഖാവിന് അഭിനന്ദനങ്ങൾ. ഇന്ന് പല നേതാക്കളും, വാക്കുകൾ കൊണ്ട് അമ്മാനമാടുമെങ്കിലും, പ്രവർത്തിയിൽ അവരുടെ ആദർശം കാണിക്കാറില്ല. അവിടെയാണ് താങ്കൾ വിജയിച്ചത്…. ലാൽസലാം, വിവാഹം എന്നത് ജ്വല്ലറി യുടെ പരസ്യം പോലെ ആക്കാതെ മാതൃകാ പരമായ ഒരു ചടങ്ങ് ആക്കിയ സഖാവിന്റെ കുടുബത്തിന് അഭിനന്ദനങ്ങൾ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, ശിവൻകുട്ടിയുടെ മകന്റെ വിവാഹം നടന്ന റോസ് ഹൗസ് മുൻപ് മറ്റൊരു പ്രണയ വിവാഹത്തിനും സാക്ഷിയായിട്ടുണ്ട്. 1957 ൽ കെ ആർ ഗൗരിയമ്മയും ടി വി തോമസും വിവാഹിതരായത് റോസ് ഹൗസിലാണ്.