ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്രാജിലെത്തി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രിവേണീ സംഗമത്തിൽ സ്നാനം നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്.
ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സ്നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പ്രയാഗ്രാജ് ഭരണകൂടത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാഗ് രാജിൽ ഒരുക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേള 2025, ലോകത്തിലെ ഏറ്റവും വലിയ ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലാണ്. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാർ കുംഭമേള സന്ദർശിച്ചു. സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ്, കോൾഡ്പ്ലേ ഗായിക ക്രിസ് മാർട്ടിൻ, ഹോളിവുഡ് നടൻ ഡക്കോട്ട ജോൺസൺ തുടങ്ങിയ ലോകമെമ്പാടുമുള്ള ആളുകൾ മഹാ കുംഭമേള സന്ദർശിച്ചിരുന്നു.