India

ക്ലാസ് മുറിയില്‍വച്ച് വനിതാ പ്രൊഫസറുടെയും വിദ്യാര്‍ഥിയുടെയും ‘വിവാഹം’; വീഡിയോ പ്രചരിച്ചതോടെ രാജി വയ്ക്കാമെന്ന് അധ്യാപിക | professor resignation viral wedding video

ഫെബ്രുവരി ഒന്നിനാണ് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് ഇവർ മെയിൽ അയച്ചത്

കൊല്‍ക്കത്ത: ക്ലാസ് മുറിയില്‍വച്ച് വനിതാ പ്രൊഫസറും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും ‘വിവാഹം കഴിക്കുന്നതിന്റെ’ ദൃശ്യങ്ങള്‍ പ്രചരിച്ച സംഭവത്തിൽ രാജി സന്നദ്ധത അറിയിച്ച് അധ്യാപിക. പശ്ചിമബംഗാളിലെ നാദിയിലെ മൗലാന അബുള്‍ കലാം ആസാദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ അപ്ലൈഡ് സൈക്കോളജി വിഭാഗം മുന്‍ മേധാവി പായല്‍ ബാനര്‍ജിയും ഒരു വിദ്യാര്‍ഥിയുമാണ് വൈറലായ വിവാഹദൃശ്യങ്ങളിലുള്ളത്. നിലവിലെ സാഹചര്യത്തിൽ അധ്യാപികയ്ക്ക് ജോലിയിൽ തുടരാൻ താത്പര്യമില്ലെന്ന് സർവകലാശാല രജിസ്ട്രാർ പി.ടി.ഐ.യോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ സ്ഥാപനത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ അവർ നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജനുവരി 16-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ജനുവരി 28-നാണ് പുറത്തുവന്നത്. എന്നാൽ, വിഷയം വിവാദമായതോടെ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് വ്യക്തമാക്കി അധ്യാപിക രം​ഗത്തെത്തി.

സംഭവത്തിൽ, കോളേജ് അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയും പായലിനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന്, ഫെബ്രുവരി ഒന്നിനാണ് രാജി സന്നദ്ധത അറിയിച്ചുകൊണ്ട് ഇവർ മെയിൽ അയച്ചത്. ഇക്കാര്യം പരി​ഗണനയിലാണെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു.

വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങളിലേക്ക് ഇത് വഴിമാറി. ഇതോടെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല മൂന്നംഗ പാനലിനെ ചുമതലപ്പെടുത്തുകയും പ്രൊഫസറില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു.

ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമാണെന്നും യഥാര്‍ത്ഥമല്ലെന്നും പ്രൊഫസര്‍ സര്‍വകലാശാല അധികൃതരോട് വിശദീകരിച്ചു. കോളേജിന്റെ ഡോക്യുമെന്റേഷനായി ചിത്രീകരിച്ച വീഡിയോ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിനെ മോശമാക്കി കാണിക്കാന്‍ മനഃപൂര്‍വ്വം പുറത്തുവിട്ടതാണെന്നും അവര്‍ ആരോപിച്ചു.

Latest News