നാല്‍പ്പതടിയോളം താഴ്ചയുള്ള കിണറ്റില്‍വീണ ഭര്‍ത്താവിന് രക്ഷകയായി ഭാര്യ. പിറവം സ്വദേശി രമേശനാണ് കുരുമുളക് പറിക്കുന്നതിനിടെ കിണറ്റില്‍വീണത്. ഇതോടെ ഭാര്യ പത്മ, കിണറ്റിലേക്ക് ചാടി ഫയര്‍ഫോഴ്‌സ് എത്തുന്നതുവരെ വെള്ളത്തിൽ മുങ്ങിപ്പോകാതെ രമേശനെ താങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സ് എത്തിയ ശേഷമാണ് രമേശനെയും പത്മത്തെയും കിണറ്റില്‍നിന്ന് മുകളിലെത്തിച്ചത്. ഇരുവരും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ് സേനയില്‍നിന്ന് വിരമിച്ചയാളാണ് രമേശന്‍. കൃഷി ആവശ്യത്തിനായി ഒരു പുരയിടം ഇവര്‍ പിറവത്ത് വാങ്ങിയിരുന്നു. ഈ പുരയിടത്തില്‍ കിണറിന് സമീപത്തുനിന്ന കുരുമുളക് പറിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.
കിണറ്റിൽ വീണതോടെ രമേശന് തലചുറ്റാൻ തുടങ്ങി. ഇതോടെ രമേശൻ വെള്ളത്തിലേക്ക് താഴ്ന്നുപോകുമെന്ന് ഭയന്ന പത്മ കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു. സംഭവം കണ്ടുനിന്ന ബന്ധു വിവരം അറിയിച്ചതിനെ തുടർന്നാണ് ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും രക്ഷിച്ചത്.
STORY HIGHLIGHT: woman rescues husband