Kerala

സിപിഐഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രകടനവുമായി തെരുവിൽ – streets demonstration against cpim leadership

വടകരയില്‍ ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രകടനവുമായി തെരുവിലിറങ്ങി. വടകരയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്പി കെ ദിവാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. പാര്‍ട്ടി ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് പ്രകടനം നടന്നത്. പ്രശ്‌നം പരിഹരിക്കുന്നതിനായി സിപിഐഎം നേതൃത്വം ഇടപെടുന്നതിനിടെയാണ് വീണ്ടും പ്രകടനം നടത്തിയത്.

രണ്ട് ദിവസം മുമ്പ് സിപിഐഎം പവര്‍ത്തകര്‍ മണിയൂര്‍ തുറശ്ശേരി മുക്കിലും പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോഴാണ് പി കെ ദിവാകരനും കോഴിക്കോട് ടൗണ്‍ ഏരിയയില്‍ നിന്നുള്ള പി പ്രേംകുമാര്‍ എന്നിവര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്. വടകര മേഖലയിലെ ജനകീയ മുഖവും മികച്ച പ്രാസംഗികനുമായ ദിവാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമായിരുന്നു.

സിപിഐഎം വടകര ഏരിയ സമ്മേളനത്തില്‍ മത്സരം നടന്നതാണ് ദിവാകരനെ പുറത്താക്കാനുള്ള കാരണമെന്നാണ് വിവരം. ഏരിയാ സമ്മേളനത്തില്‍ മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ചിരുന്നു. ജില്ലാ സെക്രട്ടറിയായ കെ പി മോഹനന്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും മത്സരം ഒഴിവായിരുന്നില്ല. ഈ മത്സരത്തില്‍ ദിവാകരന് ബന്ധമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വടകര മത്സരം ജില്ലാ സമ്മേളനത്തിലും ചര്‍ച്ചയായിരുന്നു.

STORY HIGHLIGHT: streets demonstration against cpim leadership