Automobile

സിറോസ് സൂപ്പർഹിറ്റ്; ഇന്ത്യൻ വാഹന വിപണിയിൽ പുതുചരിത്രം കുറിച്ച് കിയ | kia motors

കഴിഞ്ഞ വർഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ചു അഞ്ചു ശതമാനത്തിന്റെ വർധനവാണിത്

ഇന്ത്യൻ വാഹന വിപണിയിൽ പുതുചരിത്രം കുറിക്കുകയാണ് കിയ മോട്ടോർസ്. ജനുവരിയിൽ മാത്രം 25025 യൂണിറ്റ് വാഹനങ്ങളാണ് രാജ്യത്ത് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ചു  അഞ്ചു ശതമാനത്തിന്റെ വർധനവാണിത്. 2024 ജനുവരിയിൽ 23769 യൂണിറ്റുകൾ വിറ്റ സ്ഥാനത്താണ് ഈ വളർച്ച. കിയ ഏറ്റവുമൊടുവിൽ ഇന്ത്യയിൽ അവതരിപ്പിച്ച സിറോസിനു ഈ വിൽപനയിൽ 22 ശതമാനം പങ്കുണ്ട് എന്നതാണ് എടുത്തു പറയേണ്ട വസ്തുത. കമ്പനിയുടെ മൊത്തവിൽപനയിൽ ആദ്യമാസം തന്നെ 5546 യൂണിറ്റുകൾ സിറോസ് സ്വന്തമാക്കി.

സബ് കോംപാക്ട് എസ് യു വി വിഭാഗത്തിൽ കിയ ഇന്ത്യയിൽ അവതരിപ്പിച്ച സിറോസിനു വിലയാരംഭിക്കുന്നത്  8.99 ലക്ഷം രൂപ മുതലാണ്. രണ്ടു എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 1.0 ലീറ്റർ പെട്രോൾ എൻജിൻ 120 എച്ച് പി കരുത്തും 172 എം എം ടോർക്കും ഉൽപാദിപ്പിക്കും. 1.5 ലീറ്റർ ടർബോ ഡീസൽ എൻജിനിൽ  115 എച്ച് പി പവറും 250 എൻ എം ടോർക്കും ലഭിക്കും.

കിയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡലിൽ ആദ്യസ്ഥാനത്തുള്ളത് സോണറ്റ് ആണ്. 7194 യൂണിറ്റ് സോണറ്റുകളാണ് വിൽക്കപ്പെട്ടത്. തൊട്ടുപുറകിലായി 6470 യൂണിറ്റുകളുമായി സെൽറ്റോസുമുണ്ട്. കിയയുടെ കാറെൻസ് 5522 യൂണിറ്റുകളാണ് വിറ്റുപോയത്. പ്രീമിയം എം പി വിയായ കാർണിവൽ ജനുവരിയിൽ മാത്രം 293 യൂണിറ്റുകൾ വിൽക്കാനും കിയയ്ക്ക് കഴിഞ്ഞു. 70 രാജ്യാന്തര വിപണിയിലേക്ക് ഇന്ത്യയിൽ നിർമിച്ച 1454 യൂണിറ്റുകൾ കയറ്റുമതി ചെയ്യുക എന്ന നേട്ടവും ഇക്കാലയളവിൽ കമ്പനി സ്വന്തമാക്കി.

content highlight : kia-motors-india-january-sales