Kerala

പോലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയ പ്രതികള്‍ അറസ്റ്റില്‍ – extorting money from migrant workers

പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പാലക്കാട് തച്ചനാട്ടുകാര, നാട്ടുകല്‍ സ്വദേശിയായ പുതിയ വീട്ടില്‍ സിയാദ്, മുല്ലശേരി സ്വദേശികളായ രായന്മാരാക്കാര്‍ വീട്ടില്‍ മുഹമ്മദ് സാലിഹ്, രായന്മാരാക്കാര്‍ വീട്ടില്‍ ഷിഹാബ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം അസി. കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 2024 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയെ മൂന്ന് പേര്‍ ശക്തന്‍ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റുകയും പണം ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അസാം സ്വദേശി ഇക്കാര്യത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ പോലീസിന്റേതിനു സമാനമായ ബ്രൗണ്‍ ഷൂ, കാക്കി പാന്റ് എന്നീ മഫ്തി വേഷവിധാനങ്ങളോടെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളെ തട്ടിപ്പുസംഘം ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കാന്‍ തുടങ്ങിയതായി മനസിലാക്കി. എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രഹസ്യമായി അന്വേഷണം നടത്തുന്നതിനിടയില്‍ കേസിലെ ഒരു പ്രതിയായ സിയാദ് പോണ്ടിച്ചേരിയില്‍ ഉണ്ടെന്ന് മനസിലാക്കുകയും പോലീസ് പിന്തുടര്‍ന്ന് പ്രതിയായ സിയാദിനെ കലൂരിലെ ലോഡ്ജില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് രണ്ട് പേരെ തൃശൂര്‍ എളവള്ളിയില്‍ നിന്നും പിടികൂടുകയും ചെയ്തു.

STORY HIGHLIGHT: extorting money from migrant workers