കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. പ്രദേശവാസിയായ ഒരു സ്ത്രീ മോട്ടോര്‍ നിര്‍ത്താന്‍ പമ്പ്ഹൗസിലേക്ക് പോയ സമയത്ത് സമീപത്തെ പാറക്കെട്ടില്‍നിന്ന് ഗര്‍ജനം കേള്‍ക്കുകയായിരുന്നു.
പിന്നീട് അവര്‍ കുടുംബാംഗങ്ങളെ കൂട്ടിയെത്തി നടത്തിയ പരിശോധനയിലാണ് പുലിയെ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്ത് പുലി ഇറങ്ങിയിരുന്നു. വനംവകുപ്പ് പുലിക്കായി കൂട് വെക്കാനുള്ള നീക്കങ്ങൾക്കിടയിലാണ് ഇപ്പോൾ തുരങ്കത്തില്‍ പുലി കുടുങ്ങിയത്. രണ്ടുമാസത്തോളമായി പ്രദേശം പുലിഭീതിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
പുലിമട പോലൊരു ഗുഹയ്ക്കകത്താണ് പുലി ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. കണ്ണൂരില്‍നിന്നും വയനാട്ടില്‍നിന്നുമുള്ള ഡോക്ടര്‍മാര്‍ വന്നശേഷം അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റുകാര്യങ്ങള്‍ ചെയ്യുമെന്ന് ഡി.എഫ്.ഒ. കെ. അഷ്‌റഫ് അറിയിച്ചു. ആളുകളെ മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുലി പുറത്തിറങ്ങാത്തവിധം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.
STORY HIGHLIGHT: leopard trapped in kasargod