മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. കെ.സി.എയെ വിമര്ശിച്ചതിലും സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ സഞ്ജു സാംസണിനെ പിന്തുണച്ചതിലാണ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമ എന്ന നിലയിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീശാന്തിന് വ്യക്തിപരമായി അഭിപ്രായപ്രകടനം നടത്താം. എന്നാല്‍, കെ.സി.എല്ലിലെ ടീമിന്റെ ഭാഗമെന്ന നിലയില്‍ അദ്ദേഹം ചില നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. ശ്രീശാന്ത് ഉടമയായ ടീമിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കെ.സി.എ. സെക്രട്ടറി വിനോദ് എസ്. കുമാര്‍ പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെ കെ.സി.എയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമര്‍ശനം. കെ.സി.എല്ലില്‍ കൊല്ലം ഏരീസ് സെയ്ലേഴ്സ് ടീമിന്റെ സഹഉടമയായ ശ്രീശാന്ത്, ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറും മെന്ററുമാണ്.
STORY HIGHLIGHT: sreesanth kca