രാജ്യാന്തര ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്. ഐസിസി ചാംപ്യന്‍സ് ട്രോഫി തുടങ്ങാന്‍ 15 ദിവസം മാത്രം ശേഷിക്കേയാണ് സീനിയര്‍ താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
2015ല്‍ ഓസ്ട്രേലിയയുടെ അഞ്ചാം ഏകദിന ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് സ്റ്റോയിനിസ് ഏകദിന ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 71 മത്സരങ്ങളില്‍ ടീമിനെ പ്രതിനിധീകരിച്ച സ്റ്റോയിനിസ് 26.7 ശരാശരിയില്‍ 1,495 റണ്‍സും 48 വിക്കറ്റുകളും നേടി. സമീപ കാലത്തായി ഗ്ലെന്‍ മാക്സ്വെല്ലിനും മിച്ചല്‍ മാര്‍ഷിനുമൊപ്പം മധ്യനിരയില്‍ ഓസ്ട്രേലിയയുടെ കരുത്തായിരുന്നു സ്റ്റോയിനിസ്.
‘ഓസ്ട്രേലിയയ്ക്കായി ഏകദിന ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞതിനെ അവിശ്വസനീയമായ യാത്രയായാണ് കാണുന്നത്. ടീമില്‍ എനിക്ക് ലഭിച്ച ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെ വിലമതിക്കുന്ന ഒന്നായാണ് ഞാന്‍ കാണുന്നത്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷേ ഏകദിനങ്ങളില്‍ നിന്ന് മാറി എന്റെ കരിയറിലെ അടുത്ത അധ്യായത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കോച്ച് ആന്‍ഡ്രൂ മക്ഡൊണാള്‍ഡുമായി എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. അദ്ദേഹത്തിന്റെ പിന്തുണയ്ക്ക് ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്. പാകിസ്ഥാനില്‍ കളിക്കാന്‍ പോകുന്ന എല്ലാ ഓസ്ട്രേലിയന്‍ താരങ്ങളെയും പ്രോത്സാഹിപ്പിക്കും’- സ്റ്റോയിനിസ് പ്രസ്താവനയില്‍ പറഞ്ഞു.
content highlight: Marcus stoins