‘പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് സി ഐ അപമര്യാദയായി പെരുമാറി’; കമ്പംമെട്ട് സി ഐ ഷമീർ ഖാനെതിരെ വീണ്ടും പരാതി | complaint against shameer-khan

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ഇടുക്കി: ഇടുക്കി കമ്പംമെട്ട് സി ഐ ഷമീർ ഖാനെതിരെ വീണ്ടും പരാതി ഉയരുന്നു. സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പരാതി നൽകാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് സി ഐ അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സീഡ് സൊസൈറ്റി കോർഡിനേറ്റർ ആയ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. മുൻ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഇപ്പോൾ മെമ്പറുമായ മിനി പ്രിൻസിനോട് അപമര്യാദയായായി സംസാരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ ഡിജിപിക്കും സ്ത്രീത്വത്തെ അപമാനിച്ചതിൽ പരാതി നൽകുമെന്ന് മിനി പ്രിൻസ് പറഞ്ഞു.

അതേസമയം ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൂട്ടാർ സ്വദേശി മുരളീധരനെ കമ്പംമേട്ട് സിഐ ഷമീർ ഖാൻ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സംഭവം വിവാദമായതോടെ എഎസ്പിയോട് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടി.

ഡിസംബർ 31 ന് സുഹൃത്തുക്കൾക്കൊപ്പം പുതുവൽസരാഘോഷത്തിനെത്തിയപ്പോൾ ഷമീർ ഖാൻ മർദിച്ചെന്നാണ് മുളീധരൻ്റെ പരാതി. മുഖത്ത് അടിയേറ്റ മുരളീധരൻ്റെ പല്ല് ഒടിഞ്ഞു. ആശുപത്രി ചെലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നെന്നും ഇതാണ് പരാതി നൽകുവാൻ താമസിച്ചതെന്നും മുരളീധരൻ പറയുന്നു. കട്ടപ്പന ഡിവൈഎസ്പി ക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം രാത്രിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന പരാതിയെ തുടർന്നാണ് സിഐ സ്ഥലത്ത് എത്തിയതെന്നാണ് ഒദ്യോഗിക വിശദീകരണം. എഎസ്പി റിപ്പോർട്ട് സമർപ്പിച്ചാൽ തുടർ നടപടികളുണ്ടാകുമെന്നും ജില്ലാപോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ്‌ അറിയിച്ചു.