എറണാകുളം അമ്പലമേട് പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ അതിക്രമം. ഫ്ളാറ്റില്‍ മോഷണം നടത്തിയതിന് പിടിയിലായ പ്രതികളാണ് സ്റ്റേഷനില്‍ അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ളാറ്റില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസിലാണ് അഖില്‍ ഗണേഷ്, അജിത്ത് ഗണേഷ്, ആദിത്യന് എന്നിവരെ പോലീസ് പിടികൂടിയത്. പ്രതികളെ പിടികൂടിയതിനെതിരേ ഇവരുടെ ബന്ധുക്കളും സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.
ഫ്ളാറ്റില്‍നിന്ന് ശബ്ദംകേട്ട് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സമയം ഇവര്‍ പോലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവര്‍ അതിക്രമം തുടര്‍ന്നുവെന്നാണ് വിവരം. പ്രതികള്‍ പോലീസ് സ്റ്റേഷനുള്ളില്‍ മുപ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് എ.സി.പി. പി.വി. ബേബി പറഞ്ഞു.
പ്രതികള്‍ക്ക് അകമ്പടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും. പ്രതികളുടെ ബന്ധുക്കളെത്തി നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സഹോദരന്മാരായ അഖിലും അജിത്തുമാണ് കേസിലെ പ്രധാന പ്രതികള്‍. യുവാക്കള്‍ നിരപരാധികളാണെന്നും അന്യായമായാണ് പിടികൂടിയതെന്നും പറഞ്ഞാണ് ബന്ധുക്കൾ പ്രതിഷേധിച്ചത്. തങ്ങള്‍ മോഷണം നടത്തിയിട്ടില്ലെന്നും അങ്ങനെ സംഭവിച്ചുവെങ്കില്‍ പരാതിക്കാര്‍ വരട്ടേയെന്നും പ്രതികളില്‍ ഒരാള്‍ പ്രതികരിച്ചു.
STORY HIGHLIGHT: ambalamedu police station