Kerala

കലൂർ ഹോട്ടലിലെ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം; നാലുപേർക്ക് പരിക്ക് – kaloor steamer blast

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഐഡെലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായത് ബോയ്‌ലര്‍ പൊട്ടിത്തെറിച്ചെന്ന് പാലാരിവട്ടം സിഐ രൂപേഷ് പറഞ്ഞു.

സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുമെന്നും സിഐ പറഞ്ഞു. ബെര്‍ണറിന് അടുത്ത് നിന്ന ജീവനക്കാര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. അധികം ആളുകള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടുമെന്നും സിഐ അറിയിച്ചു. അപകടത്തില്‍ സുമിത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ശരീരത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡീഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീ മറ്റ് കടകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. നിലവില്‍ സമീപത്തെ കടകള്‍ അടപ്പിച്ചു.

STORY HIGHLIGHT: kaloor steamer blast