പരിസ്ഥിതിലോല മേഖല സംബന്ധിച്ച് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു കേന്ദ്രം നല്കിയ കത്തിനു മറുപടി തയാറാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍. കേരളത്തിനു നല്കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നു കഴിഞ്ഞ ദിവസം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കിയിരുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ കത്തിനു നല്കിയ മറുപടിയിലാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാര്‍ മറുപടി നല്കാന് വൈകുന്നത് വിഷയത്തില്‍ തിരിച്ചടിയാകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആശങ്ക. 98 വില്ലേജുകളിലായി 8590.69 ചതുരശ്ര കി.മീ. പ്രദേശമാണ് ഇഎസ്എയില്‍ ഉള്‍പ്പെടുത്തുന്നതെന്നു കഴിഞ്ഞ നവംബര്‍ 2ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്ക് കേരളം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ വില്ലേജുകളിലെ 1403.01 ചതുരശ്ര കി.മീ പ്രദേശം ഒഴിവാക്കണമെന്നാണ് ഇപ്പോൾ കേരളം നല്‍കിയിരിക്കുന്ന ശുപാര്‍ശ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേരളം തന്നെ ശുപാര്‍ശ ചെയ്തിട്ടുള്ള ബഫര്‍ സോണില്പെടുന്നത് എന്തുകൊണ്ടാണെന്നാണു കേന്ദ്രം ചോദിച്ചിരിക്കുന്നത്.
ഇഎസ്എയില്‍നിന്ന് ഡാം സൈറ്റുകളും നദികളും ഒഴിവാക്കുന്നതു സംബന്ധിച്ചും കേരളം വിശദീകരിക്കണം. വയനാട് ജില്ലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകള്‍ ഒഴിവാക്കുന്നതിന്റെ യുക്തിയെന്താണെന്നു കേരളം അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. 2024 ഡിസംബര്‍ 23ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സംസ്ഥാനം മറുപടി നൽകിയിട്ടില്ല.
STORY HIGHLIGHT: kerala modified esa plan