Kerala

മുക്കത്തെ പീഡനശ്രമം; ദേവദാസിനെതിരേ കൂടുതല്‍ തെളുവുകളുമായി യുവതിയുടെ കുടുംബം – mukkam hotel owner devadas rape attempt

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസി(64)നെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. ജീവനക്കാരിയായ യുവതിക്ക് പ്രതിയില്‍നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്.

വാട്‌സാപ്പിലൂടെയാണ് ദേവദാസ് യുവതിയോട് ആദ്യം മോശമായി പെരുമാറിയത്. ഇതോടെ ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചു. എന്നാല്‍, ഇനി ഇങ്ങനെ പെരുമാറില്ലെന്ന് പറഞ്ഞ് ദേവദാസ് യുവതിയോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കുന്നതാണ് കുടുംബം പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടുകള്‍. ഇതിന് ശേഷമാണ് പ്രതി യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

പീഡനശ്രമം ചെറുക്കുന്നതിനിടെ താമസിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍നിന്ന് ചാടിയ യുവതി ഇപ്പോഴും ചികിത്സയിലാണ്. മുക്കത്തെ സങ്കേതം ഹോട്ടലിന്റെ ഉടമ ദേവദാസും കൂട്ടുപ്രതികളായ കോഴിക്കോട് കക്കോടി സ്വദേശി റിയാസ്, മാവൂര്‍ ചൂലൂര്‍ സ്വദേശി സുരേഷ് എന്നിവരും ഹോട്ടലിലെ ജീവനക്കാരിയായ യുവതിയുടെ താമസസ്ഥലത്തെത്തി ദേവദാസ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

കേസില്‍ ഒന്നാംപ്രതിയായ ദേവദാസിനെ കഴിഞ്ഞ ദിവസം കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ കുന്ദംകുളത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസിലെ കൂട്ടപ്രതികളായ റിയാസും സുരേഷും കോടതിയിൽ കീഴടങ്ങിയിരുന്നു.

STORY HIGHLIGHT: mukkam hotel owner devadas rape attempt