നഴ്സിങ് വിദ്യാർത്ഥി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടികളുമായി രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗര്‍ യൂണിവേഴ്സിറ്റി കോളേജ് അധികൃതർ. നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു.
രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായിരുന്നു അനാമിക. മാനസികപീഡനം അനുഭവിച്ചതായി വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയിൽ അനാമികയെ കണ്ടെത്തുകയായിരുന്നു. അനാമിക കോളേജിൽ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കുടുംബത്തിന്റെ പരാതിയില്‍ ഹാരോഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പോലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത ഇവരുടെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധുക്കളും സഹപാഠികളും ആരോപിച്ചിരുന്നു. അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്.
STORY HIGHLIGHT: nursing student suicide bengaluru