റിയോ ഡി ജനീറോ: റയല്‍ മാഡ്രിഡ് ഇതിഹാസവും ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധ താരവുമായ മാഴ്സലോ സജീവ ഫുട്ബോളില്‍ നിന്നു വിരമിച്ചു. 36ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഫുട്ബോള്‍ ചരിത്രത്തില്‍ കിരീട നേട്ടങ്ങളുടെ വലിയ മികവു തന്നെ അടയാളപ്പെടുത്തിയ കരിയറാണ് മാഴ്സലോയുടേത്. 5 ചാംപ്യന്‍സ് ലീഗ്, 6 ലാ ലിഗ കിരീടങ്ങൾ താരം റയലിനൊപ്പം സ്വന്തമാക്കി.
‘കളിക്കാരനെന്ന നിലയിലുള്ള എന്റെ കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഫുട്ബോളിനു ഇനിയും ഏറെ കാര്യങ്ങള്‍ ഞാന്‍ നല്‍കും’- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.
റയല്‍ മാഡ്രിഡിലെ ദീര്‍ഘ കാലത്തെ കരിയര്‍ അവസാനിപ്പിച്ച് താരം അവസാനം കളിച്ചത് നാട്ടിലെ ക്ലബായ ഫ്ളുമിനെന്സിലാണ്. 2023ല്‍ ടീമിനു ലാറ്റിനമേരിക്കന്‍ ചാംപ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന കോപ്പ ലിബര്‍ട്ടഡോറസ് കിരീടം സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.
2007ല്‍ 18ാം വയസിലാണ് താരം റയല്‍ മാഡ്രിഡല് എത്തുന്നത്. പതിനഞ്ചര വര്‍ഷത്തിനു മുകളില്‍ റയലിന്റെ നിര്‍ണായക താരമായിരുന്നു മാഴ്സലോ. റയലിനൊപ്പം 25 കിരീട നേട്ടങ്ങളില്‍ മാഴ്സലോ പങ്കാളിയായി. ക്ലബിന്റെ 120 വര്‍ഷം നീണ്ട ചരിത്രത്തില്‍ ഇത്രയും കിരീട നേട്ടങ്ങള്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ല. റയലിനായി 546 മത്സരങ്ങള്‍ കളിച്ചു.
content highlight: real-madrid-marcilo