കോയമ്പത്തൂര്‍: ലൈംഗികാതിക്രമം ചെറുത്ത ഗര്‍ഭിണിയെ ഓടുന്ന ട്രെയിനില്‍ നിന്നു തള്ളി താഴെയിട്ടു. കോയമ്പത്തൂര്‍-തിരുപ്പതി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ രാവിലെ 10.30നാണ് സംഭവം. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു 36കാരി.
രാവിലെ 6.40-ന് ലേഡിസ് കംപാര്‍ട്മെന്റിലാണ് യുവതി കയറിയത്. അപ്പോൾ വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലര്‍പേട്ടൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്.
യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. ഇതോടെ ഹേമരാജിനെ ചവിട്ടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചു. ഇതിനിടയില്‍ ഹേമരാജ് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. യുവതിയുടെ കൈയിലും കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വെല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാള്‍ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനും മോഷണത്തിനും നേരത്തെ ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.