കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്നു റിദാൻ. ഈ സമയം മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വച്ചാണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ആഭ്യന്തര ടെർമിനലിന് പുറത്തുള്ള അന്ന സാറ കഫേയുടെ പിൻവശത്ത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത്. ഒരു സംഘത്തിന്റെ ഭാഗമായാണ് കുട്ടിയുടെ മാതാപിതാക്കൾ ഈ പരിസരത്ത് എത്തിയത്. അൽപ്പ സമയം കഴിഞ്ഞപ്പോഴാണ് കുട്ടിയെ കാണാത്ത വിവരം അറിഞ്ഞത്. സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിക്കുകയും കുട്ടി ചെടിവേലി കടന്ന് കുഴിയിൽ വീണതായി കാണുകയും ചെയ്തു. ഉടൻ കുട്ടിയെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.