രാവിലെ മുഖം കഴുകുന്നതിനൊപ്പം കണ്ണുകള്‍ കൂടി ഒന്ന് ഫ്രഷ് ആകാന്‍ തണുത്ത വെള്ളം കണ്ണിനുള്ളില്‍ ശക്തിയായ തളിച്ചു കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. ആദ്യനോട്ടത്തില്‍ അത്ര പ്രശ്നമില്ലെന്ന് തോന്നുമെങ്കിലും കണ്ണുകളുടെ ആരോഗ്യത്തെ ഈ ദുശ്ശീലം കാര്യമായി തന്നെ ബാധിക്കുമെന്ന് നേത്രാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും കണ്ണുകള്‍ വരണ്ടതാകാന്‍ കാരണമാവുകയും ചെയ്യുന്നു. കണ്ണുനീര് ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീര് കണ്ണുകളെ അണുബാധയടക്കമുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകള്‍ ഇത്തരത്തില്‍ കഴുകുന്നതോടെ കണ്ണുനീര് കുറയുന്നതിലേക്കും കണ്ണുകള്‍ വരണ്ടതാകുന്നതിലേക്കും നയിച്ചേക്കാം.
മൂന്ന് പാളികളാണ് കണ്ണുനീര് ദ്രാവകത്തില്‍ അടങ്ങിയിരിക്കുന്നത്. ജലം പാളി, മ്യൂസിന് പാളി, ലൈസോംസൈം, ലൈക്ലോഫെറിന്‍, ലിപ്പോകാലിന്‍, ലാക്ടോഫെറിന്‍, ഇമ്യൂണോഗ്ലോബുലിന്‍, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങളടങ്ങിയ ലിപിഡ് പാളി. ഇവ കണ്ണുകളെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു.
കൂടാതെ കണ്ണുകള്‍ കഴുകാനെടുക്കുന്ന വെള്ളത്തില്‍ ദോഷകരമായ മാലിന്യങ്ങള്‍ അടങ്ങിയിരിക്കാം. ഇത് കണ്ണിന്റെ അതിലോലമായ കലകളെ ബാധിക്കാം. പൈപ്പ് വെള്ളത്തില്‍ കണ്ണുകള്‍ കഴുകുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസുകൾ, പരാദങ്ങൾ എന്നിവയുൾപ്പെടെ വിവിധ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഈ സൂക്ഷ്മാണുക്കൾ അകാന്തമീബ കെരാറ്റിറ്റിസിന് കാരണമാകും, ഇത് കാഴ്ച വൈകല്യത്തിനോ അന്ധതയ്ക്കോ പോലും കാരണമാകുന്ന ഗുരുതരമായ നേത്ര അണുബാധയാണ്.