Investigation

എന്താണ് കെ-ഹോം പദ്ധതി ?: ബജറ്റില്‍ ഇടം നേടിയ കെ-ഹോം പദ്ധതി വിജയിക്കുമോ ?; സംസ്ഥാനത്ത് എവിടെയൊക്കെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയുക?

സംസ്ഥാനത്ത് അടഞ്ഞ് കിടക്കുന്ന വീടുകള്‍ ഉപയോഗപ്പെടുത്തിയുള്ള ‘കെ-ഹോംസ്’ ടൂറിസം പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോ മീറ്റര്‍ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ചെറിയ ചെലവില്‍ താമസം ഒരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് നിരവധി വീടുകള്‍ താമസമില്ലാതെ അടഞ്ഞ് കിടപ്പുണ്ട്.

അത്തരം വീടുകള്‍ കണ്ടെത്തി ഉടമകള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന രീതിയില്‍ ടൂറിസത്തിനായി ഉപയോഗിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവിടങ്ങളിലെ വീടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് പദ്ധതി ആരംഭിക്കും. ഇതാണ് സര്‍ക്കാരിന്റെ കെ-ഹോം പദ്ധതി. ഇതിലൂടെ സര്‍ക്കാരിന് എന്താണ് നേട്ടം എന്നതാണ് അറിയേണ്ട കാര്യം.

ഈ വീടുകള്‍ ടൂറിസ്റ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതോടെ വൈദ്യുതി, വെള്ളം, വീട്ടുകരം തുടങ്ങി എല്ലാം വീണ്ടും ഉടമസ്ഥന്‍ അടയ്‌ക്കേണ്ടി വരും. കൂടാതെ, കുറഞ്ഞ ചെലവില്‍ താമസ സൗകര്യം ലഭിക്കുന്നതോടെ ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിക്കും. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമേ ഈ പദ്ധതി വിജയിക്കൂ. ഇത് മനസ്സിലാക്കിയാണ് ധനമന്ത്രി പദ്ധതി ആസൂത്രണം ചെയ്യുന്നത്. നിരവധി വീടുകള്‍ പൂട്ടി കിടക്കുന്നുണ്ട്. ഈ വീട്ടുകാരെല്ലാം വിദേശത്തോ, മറ്റു സ്ഥലങ്ങളിലോ ആണ്.

മാത്രമല്ല, ഒന്നില്‍ കൂടുതല്‍ വീടുകള്‍ ഉള്ളവരുമുണ്ട്. ഇങ്ങനെ ഉപയോഗ ശൂന്യമായി മാറിയ വീടുകളെയും ഏറ്റെടുത്ത് വിനോദ സഞ്ചാര മേഖലയുടെ ഉര്‍ച്ചയ്ക്കായി ഉപയോഗിക്കുയാണ് ലക്ഷ്യം. വീട്ടുടമസ്ഥരുമായി കാര്യങ്ങള്‍ അവതരിപ്പിച്ച്, വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്താതെ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചാല്‍ പദ്ധതി നടപ്പാകും. പൈലറ്റ് പ്രോജക്ടില്‍ പദ്ധതി എങ്ങനെയാണെന്ന വിലയിരുത്തല്‍ നടത്തി മാത്രമേ വിപുലീകരണമുണ്ടാകൂ.

പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്താന്‍ തദ്ദേശ ഭരണ വകുപ്പുകള്‍ വഴി ഒരു ടീമിനെ നിയോഗിക്കും. ഇവര്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന വീടുകള്‍ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടു മാത്രമേ പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തൂ. ഇങ്ങെ കണ്ടെത്തുന്ന വീടുകള്‍ ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നത്, ടൂറിസം വകുപ്പു വഴിയായിരിക്കും എന്നാണ് സൂചന

CONTENT HIGH LIGHTS;What is the K-home project?: Will the budgeted K-home project succeed?; Where in the state can this project be implemented?

Latest News