തമിഴ്‌നാട്ടില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. പീഡനവിവരം പുറത്തറിഞ്ഞതോടെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും സ്‌കൂള്‍ അടിച്ചുതകര്‍ത്തു. ക്ലാസ്മുറികളിലെ ഫര്‍ണീച്ചറുകളും സ്‌കൂളിന്റെ വാഹനങ്ങളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. തിരുച്ചിറപ്പള്ളി മണപ്പാറൈയിലെ സ്വകാര്യ സി.ബി.എസ്.ഇ. സ്‌കൂളിലാണ് സംഭവം.
സ്‌കൂളില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് നാലാംക്ലാസ് വിദ്യാര്‍ഥിനി മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഒടുവില്‍ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഇവരുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ജില്ലാ പോലീസ് മേധാവി സെല്‍വനാഗരത്‌നത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും പ്രതികള്‍ക്കെതിരേ നടപടി ഉറപ്പുനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നിലവില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.
STORY HIGHLIGHT: trichy cbse school girl rape case