ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ഇറാന്‍. തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു.
1979-ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കുകയായിരുന്നു ഖമീനി. ‘അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, അഭിപ്രായപ്രകടനം നടത്തുന്നു, ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല’ ഖമീനി പറഞ്ഞു.
അമേരിക്കയുമായി ചര്‍ച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ല. അത് ഇറാന്റെ ഒരു പ്രശ്‌നത്തിനും പരിഹാരമാവില്ല. അത് അനുഭവമുള്ളതാണ്. 2015- ല്‍ അവര്‍ ആണവക്കരാര്‍ ലംഘിച്ചു, അത് കീറിയെറിഞ്ഞുവെന്നും ഖമീനി പറഞ്ഞു. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.
STORY HIGHLIGHT: iran warns us retaliation threat