പുതിയ വർഷത്തിലെ ആദ്യ മാസത്തെ വിൽപന കണക്കുകൾ പുറത്തുവന്നപ്പോൾ വാഗൺ ആർ ഒന്നാമൻ. മാരുതിയുടെ ജനപ്രിയ ഹാച്ചിന്റെ 24078 യൂണിറ്റികളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 17756 യൂണിറ്റായിരുന്നു, 36 ശതമാനം വർധനവ്.
ജനുവരിയിലെ വാഹന വിൽപനയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മാരുതിയുടെ ആറു മോഡലുകളാണ് ആദ്യ പത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ടാറ്റയുടെ രണ്ടു മോഡലുകൾ, ഹ്യുണ്ടേയ് യുടെയും മഹീന്ദ്രയുടെയും ഓരോ വാഹനങ്ങളും ഈ പട്ടികയിലുണ്ട്. ഒന്നും രണ്ടും സ്ഥാനങ്ങൾ മാരുതിയുടെ ഹാച്ച് ബാക്കുകളായ വാഗൺ ആറിനും ബലേനോയ്ക്കും സ്വന്തമാണ്. വാഗൺ ആർ 24078 യൂണിറ്റുകൾ വിറ്റപ്പോൾ ബലേനോയുടെ വിഹിതം 19965 യൂണിറ്റുകളായിരുന്നു.
ഇന്ത്യൻ വാഹന വിപണിയിൽ മാരുതിയ്ക്ക് പുറകിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ക്രെറ്റയുടെ 18522 യൂണിറ്റുകളാണ് ജനുവരിയിൽ വിറ്റഴിഞ്ഞത്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മാരുതിയുടെ സ്വിഫ്റ്റാണ്. 17081 യൂണിറ്റ് സ്വിഫ്റ്റുകളാണ് ഉപഭോക്താക്കളുടെ കൈകളിൽ എത്തിയത്.
2024 ലിൽ വിപണിയിൽ തിളങ്ങി നിന്ന ടാറ്റ പഞ്ചിനു അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മാസമായിരുന്നു ജനുവരി. അഞ്ചാം സ്ഥാനത്തുള്ള പഞ്ചിന്റെ 16231 യൂണിറ്റുകളും വിപണിയിലിറങ്ങി. ആറാമതും ഏഴാമതും യഥാക്രമം മാരുതിയുടെ ഗ്രാൻഡ് വിറ്റാരയും മഹീന്ദ്രയുടെ സ്കോർപിയോയുമാണ്. 15784 യൂണിറ്റാണ് ഗ്രാൻഡ് വിറ്റാരയുടെ വിൽപന കണക്ക്. 15442 യൂണിറ്റുമായി സ്കോർപിയോയും തൊട്ടുപുറകിൽ തന്നെയുണ്ട്.
ടാറ്റയിൽ നിന്നും പഞ്ചിനെ കൂടാതെ നെക്സോണും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 15397 യൂണിറ്റ് വിറ്റുകൊണ്ടാണ് നെക്സോണിന്റെ എട്ടാം സ്ഥാനത്തേക്കുള്ള തിരിച്ചു വരവ്. ഒമ്പതും പത്തും സ്ഥാനങ്ങളിൽ മാരുതിയുടെ ഡിസയറും ഫ്രോങ്സുമാണ്. 15383 യൂണിറ്റാണ് ഡിസയറിന്റെ വിൽപന. ഫ്രോങ്സിന്റേതാകട്ടെ 15192 യൂണിറ്റാണ്.