ഇന്ത്യയുടെ നെറുകയില്‍ താമര വിരിഞ്ഞിരിക്കുകയാണ്. നരേന്ദ്രമോദി ഇഫക്ടില്‍ വിരിഞ്ഞ താമരയിലൂടെ രാജ്യത്തിന്റെ തലസ്ഥാനമായ ഡെല്‍ഹിയും പിടിച്ചടക്കി BJP. തലയെടുത്തതോടെ ഇനി നോട്ടം രാജ്യത്തിന്റെ വാലിലാണ്. അതായത്, കേരളത്തിലേക്ക്. മുകളില്‍ കാവിയും, താഴെ ചുവപ്പുമായി നില്‍ക്കുന്ന ഇന്ത്യയെ പൂര്‍ണ്ണമായും കാവി പുതപ്പിക്കാന്‍ BJP പൂര്‍വ്വാധികം ശക്തമായിരിക്കുകയാണ് എന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. അറവിന്ദ് കെജരിവാള്‍ എന്ന ഒറ്റയാനെയും കൊമ്പുകുത്തിച്ച നരേന്ദ്ര മോദിയുടെ പടയോട്ടമായാണ് ഡെല്‍ഹി വിജയത്തെ BJP കണക്കു കൂട്ടുന്നത്.
ഇപ്പോഴും 47 ശതമാനം വോട്ടിന്റെ ബലത്തില്‍ BJP മുന്നിട്ടു നില്‍ക്കുമ്പോള്‍ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല. 2015 ലും 2020 ലും ഡല്‍ഹി തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടിയുടെ വന്‍ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഡല്‍ഹിയിലെ മധ്യവര്‍ഗ, പൂര്‍വ്വാഞ്ചലി വോട്ടര്‍മാര്‍ ബി.ജെ.പിയിലേക്ക് മാറിയെന്ന് വ്യക്തമായ സൂചനയാണ് വോട്ടെണ്ണലില്‍ തെളിയുന്നത്. 27 വര്‍ഷത്തിനുശേഷം ബി.ജെ.പി തലസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാതയിലാണെന്ന് ട്രെന്‍ഡുകള്‍ കാണിക്കുന്നു.
ദക്ഷിണ ഡല്‍ഹി, മധ്യ ഡല്‍ഹി, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ മധ്യവര്‍ഗ ആധിപത്യമുള്ള മിക്ക സീറ്റുകളിലും, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍വ്വാഞ്ചലി വോട്ടര്‍മാര്‍ക്ക് കാര്യമായ തിരഞ്ഞെടുപ്പ് സ്വാധീനമുള്ള സീറ്റുകളിലും ബി.ജെ.പി മുന്നിലാണ്. വോട്ടെണ്ണല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കുമ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മറ്റൊരു തിരഞ്ഞെടുപ്പ് ദുരന്തത്തിലേക്ക് നീങ്ങുകയാണ്. 47 സീറ്റുകളില്‍ ബിജെപിയും 23 സീറ്റുകളില്‍ എ.എ.പിയും മുന്നിലായിരിക്കുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ തന്നെയില്ല. ഡല്‍ഹി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്.
പക്ഷേ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വോട്ടെണ്ണുമ്പോള്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കേജ്രിവാള്‍ വിയര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് പ്രധാനഘടകമായിട്ടുണ്ട്. എക്‌സിറ്റ് പോളുകള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായ മൂന്നാം പരാജയം പ്രവചിച്ചിരുന്നു. 2015 ല്‍ 70 സീറ്റുകളും നഷ്ടപ്പെട്ടതോടെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചത്, 2020 ലെ സര്‍വേ ഫലവും അത് ആവര്‍ത്തിച്ചു. ഷീല ദീക്ഷിതിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഒരുകാലത്ത് പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസ്. ഇപ്പോള്‍ എ.എ.പിയും ബി.ജെ.പിയും ആധിപത്യം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ ബലാബലത്തിലാണ്.
അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തകര്‍ന്നടിഞ്ഞ ആംആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിക്കുകയാണ് നേതാക്കളെല്ലാം. തമ്മിലടിച്ചും, പരസ്പരം മത്സരിച്ചും നശിച്ചുപോയിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് പരിഹാസങ്ങള്‍. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫ്രന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയുടെ പരിഹാസം ഇങ്ങനെ. ‘ഔര്‍ ലഡോ ആപാസ് മേം! (പരസ്പരം കുറച്ചുകൂടി പോരടിക്കൂ) എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.
അതോടൊപ്പം ‘പരസ്പരം കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ പോരാടുക എന്നെഴുതിയ ജിഫ് ഇമേജും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ അന്ന് ഡല്‍ഹിയിലെ മധ്യവര്‍ഗ്ഗം ആപ്പിനൊപ്പമായിരുന്നു. മദ്യ നയ അഴിമതി അടക്കം ചര്‍ച്ചയായതോടെ ഈ സ്ഥിതി മാറി. ജയിലില്‍ കിടന്ന ആംആദ്മി നേതാക്കളില്‍ നിന്നും ജനം അകന്നു. ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളുടെ ഭിന്നിപ്പ് ആംആദ്മിയെ തോല്‍പ്പിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 2015ലും 2020 ലും ഡല്‍ഹിയില്‍ മിന്നുന്ന വിജയം കാഴ്ചവെച്ച പാര്‍ട്ടിയാണ് സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നില്‍ അടിപതറിയിരിക്കുന്നത്. കോണ്‍ഗ്രസും ഇതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റിലും ജയിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി എല്ലാ സീറ്റിലും സജീവമായി മത്സരിക്കുന്നത് ബി.ജെ.പിക്ക് ഗുണമാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എ.എ.പിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണം നടത്തിയത്. ന്യൂനപക്ഷ ദളിത് വോട്ടുകളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തീവ്രശ്രമം. അരവിന്ദ് കെജരിവാളിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ മോദിയേക്കാള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു മുന്നില്‍ നിന്നത് എന്നതാണ് വിലയിരുത്തല്‍.
2015 മുതല്‍ സംസ്ഥാനം ഭരിക്കുന്ന എ.എ.പിയെ പലതരത്തിലും വീര്‍പ്പുമുട്ടിച്ചിരുന്ന കേന്ദ്ര ബി.ജെ.പി ഗൂഢരാഷ്ട്രീയ നീക്കങ്ങളും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയിരുന്നു. അതിനൊപ്പം കോണ്‍ഗ്രസും എ.എ.പിക്കെതിരെ തിരിഞ്ഞതോടെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അനുനുകൂലമായി മാറുകയായിരുന്നു
ഇത് തന്നെയാണ് ഒമര്‍ അബ്ദുള്ളയും ചര്‍ച്ചയാക്കുന്നത്. ദേശീയ തലത്തില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോണ്‍ഗ്രസും പരസ്പരം പോരടിച്ച് ഡല്‍ഹിയില്‍ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത്. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ മുതിര്‍ന്ന നേതാവായ ഒമര്‍ അബ്ദുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയും പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം സഖ്യം എന്ന രീതിയെ ആയിരുന്നു വിമര്‍ശിച്ചിരുന്നത്. കോണ്‍ഗ്രസിന് വേണ്ടപ്പോള്‍ മാത്രം ഇന്‍ഡ്യ സഖ്യമെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഉയരുന്നത്. 31 സീറ്റുകള്‍ 2013 ല്‍ നേടിയ ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലെത്താനായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് നാല് സീറ്റ് മാത്രം അകലെയായിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ 28 സീറ്റ് നേടിയ ആപ്പ് കോണ്‍ഗ്രസിന്റെ എട്ട് സീറ്റും ചേര്‍ത്ത് അധികാരത്തില്‍ വരികയായിരുന്നു. ബിജെപിയെ പുറത്താക്കാനുള്ള രാഷ്ട്രീയ നീക്കമെന്നത് പ്രകീര്‍ത്തിക്കപ്പെട്ടു.
49 ദിവസം മാത്രം അധികാരത്തിലിരുന്ന ആംആദ്മി ലോക്പാല്‍ ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ആകാത്തതിനാല്‍ രാജിവെയ്ക്കുകയായിരുന്നു. എന്നാല്‍, ആ രാജിവെയ്ക്കലിന്റെ പ്രതിഫലനം ചെറുതായിരുന്നില്ല. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റ് ആപ്പ് നേടി. ബിജെപി മൂന്ന് സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റില്‍ പോലും വിജയിക്കാത്ത തെരഞ്ഞെടുപ്പായിരുന്നു അത്. 2020 ലും 70 ല്‍ 62 സീറ്റ് നേടി ആംആദ്മി തങ്ങളുടെ ജൈത്രയാത്ര തുടരുകയായിരുന്നു. ബിജെപി എന്നാല്‍ 2015 ലെ മൂന്ന് സീറ്റില്‍ നിന്നും എട്ടിലേക്കെത്തിയിരുന്നു .അപ്പോഴും കോണ്‍ഗ്രസ് പൂജ്യത്തില്‍ ഒതുങ്ങി. 2025 ലേക്കെത്തുമ്പോള്‍ ചരിത്രം മാറുകയാണ്. കോണ്‍ഗ്രസ് പൂജ്യത്തില്‍ തുടരുന്നു. പക്ഷേ ബിജെപിയുടെ താമര ഡല്‍ഹിയില്‍ വിരിയുകയും ചെയ്തു.
ആഘോഷം തുടങ്ങി ബിജെപി ?
വോട്ടെണ്ണല്‍ ചിത്രം തെളിയവേ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനമന്ദിരത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഘോഷമാരംഭിച്ചു. ധോലിന്റെ താളത്തിനൊത്ത് നൃത്തം ചവിട്ടിയും മധുരം വിതരണം ചെയ്തുമാണ് ആഘോഷം. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ കട്ടൗട്ടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അവര്‍ പരസ്പരം കാവി നിറത്തിലുള്ള പൊടി വാരി വിതറി.
അടുത്ത ഡല്‍ഹി മുഖ്യമന്ത്രി ആര് ?
മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ബി.ജെ.പി. പ്രാരംഭ സൂചനകള്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചാണെന്ന് ഡല്‍ഹി ബി.ജെ.പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ. ‘പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ വിജയം ഉന്നത നേതൃത്വത്തിന്റെ കൂടി വിജയമായിരിക്കും. ഡല്‍ഹിയിലെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് – എന്നാല്‍ അരവിന്ദ് കെജ്രിവാള്‍ വിഷയങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയെ നേരിടേണ്ട വ്യക്തിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും,’ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
മോദിയുടെ ഉറപ്പിനുള്ള അംഗീകാരം ?
പ്രധാനമന്ത്രി നരേന്ര മോദിയുടെ ഉറപ്പ് പൊതുജനങ്ങള്‍ അംഗീകരിച്ചെന്ന് ബിജെപി എംപി മനോജ് തിവാരി. ഡല്‍ഹിയിലെ എല്ലാ വിഭാഗങ്ങളും ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അകന്നിരിക്കുന്നു, ഇത് ട്രെന്‍ഡുകളില്‍ ദൃശ്യമാണ്. ആം ആദ്മി പാര്‍ട്ടിയുടെ കാര്യക്ഷമതയില്ലായ്മയ്ക്കും അഴിമതിക്കും എതിരെ ഇന്ന് പൊതുജനങ്ങള്‍ പ്രതികരിക്കുന്നതിനാല്‍ ഫലം ഒന്നുതന്നെയായിരിക്കുമെന്ന് താന്‍ കരുതുന്നതായും മനോജ് തിവാരി.
CONTENT HIGH LIGHTS;Lotus blooms at the top: BJP has taken the lead and now looks at the tail; Applies to indie alliances and parties; The Congress and the Left parties are invisible