തിരുവനന്തപുരം: കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ബെംഗളൂരു, ചെന്നൈ, കേരളം എന്നിവിടങ്ങളിൽ ആക്രമണമുണ്ടാകുമെന്നാണു സന്ദേശം. ഇന്ന് ഉച്ചയോടെ ബെംഗളൂരു വിമാനത്താവളത്തിലാണു സന്ദേശം എത്തിയത്.
ഇതോടെ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുൻപു വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇമെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവയെല്ലാം വ്യാജ സന്ദേശങ്ങളായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. എന്നാൽ ഡ്രോൺ ആക്രമണമെന്ന ഭീഷണി ഇതാദ്യമാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ അസാധാരണ സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഇമെയിൽ സന്ദേശത്തിൽ തിരുവനന്തപുരം വിമാനത്താവളമെന്നു പറഞ്ഞിട്ടില്ല. എന്നാൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷ വർധിപ്പിച്ചതാണെന്നും അധികൃതർ അറിയിച്ചു.