ന്യൂഡൽഹി: നിരോധിത മേഖലിൽ ഫോട്ടോ എടുത്തെന്നാരോപിച്ച് ഇറാൻ തടവിലിട്ട യുവ എഞ്ചിനിയർക്ക് ഒടുവിൽ മോചനം. മഹാരാഷ്‌ട്ര നന്ദേഡ് സ്വദേശിയായ യോഗേഷ് പഞ്ചലാണ് 59 ദിവസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തിയത്. നിയന്ത്രിത മേഖലയിൽ വീഡിയോകളും ഫോട്ടോകളും ചിത്രീകരിച്ചുവെന്നാണ് യുവാവിനെതിരെ ചുമത്തിയ കുറ്റം.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലാണ് യുവാവിന് തുണയായത്. ഡിസംബർ ആദ്യവാരമാണ് ബിസിനസ് ആവശ്യങ്ങൾക്കായി യോഗേഷ് ഇറാനിൽ എത്തിയത്. ഡിസംബർ 7 നാണ് ടെഹ്‌റാനിൽ വിമാനമിറങ്ങിയെതന്ന് യോഗേഷ് പറഞ്ഞു. പിറ്റേദിവസം സ്ഥലങ്ങൾ കാണാൻ പോയി. മറ്റ് വിനോദസഞ്ചാരികളെപ്പോലെ കുറച്ച് ഫോട്ടോകളും വീഡിയോകളും എടുത്തു, നാട്ടിലുള്ള കുടുംബത്തിന് അയച്ചു നൽകുകയും ചെയ്തു. അതേ ദിവസം തന്നെ ഒരു സംഘം താമസിക്കുന്ന ഹോട്ടലിൽ എത്തി കണ്ണുകൾ കെട്ടി ജയിലിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നാണ് യുവാവ് പറഞ്ഞത്. അതേസമയം ജയിലിൽ മോശം പെരുമാറ്റം ഉണ്ടായിട്ടിലെന്നും യോഗേഷ് കൂട്ടിച്ചേർത്തു.
യോഗേഷിന്റെ വിവരം ലഭിക്കാതായതോടെ കുടുംബം രാജ്യസഭാംഗവും പ്രാദേശിക ബിജെപി നേതാവുമായ അജിത് ഗോപ്ചഡെയുടെ സഹായം തേടുകയായിരുന്നു. പിന്നാലെ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. തുടർന്ന് ഇറാൻ കേസിൽ അതിവേഗം വാദം കേൾക്കുകയും മോചനം സാധ്യമാവുകയുമായിരുന്നു.