ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും വൈറലായിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പഴയവീഡിയോ. നരേന്ദ്രമോദിയെ പരാമര്‍ശിച്ചുകൊണ്ട്, ഈ ജന്മത്ത് ബിജെപിക്ക് തങ്ങളെ തോല്‍പിക്കാനാകില്ലെന്നും അതിന് ഒരു ജന്മംകൂടി വേണ്ടിവരുമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ 2023-ൽ ആണ് കെജ്‌രിവാളിന്‍റെ പരാമർശം. മദ്യനയത്തില്‍ ഉന്നത നേതാക്കള്‍ അറസ്റ്റിലായത് ബിജെപിയുടെ ഗൂഢാലോചനയാണെന്നും അരവിന്ദ് കെജ്രിവാള്‍ വീഡിയോയിൽ ആരോപിച്ചിരുന്നു.
‘നരേന്ദ്ര മോദി ജി ഡല്‍ഹിയില്‍ ഈ രീതിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിലൂടെ ഞങ്ങളെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ക്കൊരിക്കലും ഈ ജന്മത്തില്‍ ഞങ്ങളെ തോല്‍പിക്കാനാകില്ലെന്നാണ് എനിക്ക് നരേന്ദ്ര മോദിയോട് പറയാനുള്ളത്. ഡല്‍ഹിയില്‍ ഞങ്ങളെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ ഒരു ജന്മംകൂടി ജനിക്കേണ്ടിവരും’, അരവിന്ദ് കെജ്‌രിവാള്‍ വീഡിയോയില്‍ പറയുന്നു.
2017-ലെ നിയമസഭാ സമ്മേളനത്തിലെ കെജ്‌രിവാളിന്റെ പ്രസ്താവനകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഞങ്ങള്‍ ഡല്‍ഹിയുടെ യജമാനന്മാരാണ് (ഹം ദില്ലി കേ മാലിക് ഹേ), നാം ഡല്‍ഹിയെ നയിക്കും അവര്‍ ഞങ്ങളുടെ ഉത്തരവുകള്‍ പാലിക്കും.. എന്നിങ്ങനെയുള്ള പ്രസ്താവനകളാണ് ഈ വീഡിയോയിലുള്ളത്.
content highlight: delhi-assembly-election-2025