Kerala

കാസർകോട് വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം

കാസർകോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ 1.35-ഓടെ ഭൂചലനമനുഭവപ്പെട്ടത്. നിരവധി വീടുകളുടെ ചുമരുകള്‍ വിണ്ടുകീറുകയും സ്വിച്ച് ബോര്‍ഡുകള്‍ ഇളകിപ്പോകുകയും ചെയ്തു. പാത്രങ്ങള്‍ തെറിച്ചുവീണു. ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് ആളുകള്‍ വീടിന് പുറത്തേക്കോടി. വലിയ നാശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സാധനങ്ങള്‍ താഴെ വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേറ്റതെന്ന് ചിലര്‍. സ്വിച്ച് ബോര്‍ഡ് ഇളകിത്തെറിക്കുന്ന ശബ്ദത്തിലാണ് ഉറക്കം ഞെട്ടിയതെന്ന് മറ്റു ചിലര്‍. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ ഭീതി ആളുകള്‍ക്ക് വിട്ടുമാറുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. അടുക്കളയില്‍നിന്ന് പാത്രങ്ങള്‍ വീഴുന്ന ശബ്ദം. പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍ അതിനു കഴിയാത്ത അവസ്ഥ. എങ്ങനെയല്ലാമോ എഴുന്നേറ്റ് കുട്ടികളെയുമെടുത്ത് പുറത്തേക്കോടി. ഓരോ വീട്ടുകാരും ഭീതിതമായ അനുഭവമാണ് വിവരിക്കുന്നത്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ഗ്രാമങ്ങളിലാണ് ഭൂചലനമുണ്ടായത്.

ഒടയഞ്ചാല്‍, ബളാല്‍, കൊട്ടോടി, കള്ളാര്‍, കോടോത്ത്, പരപ്പ, പാലംകല്ല്, മാലോത്ത്, വെസ്റ്റ് എളേരി, കുന്നുംകൈ, ചുള്ളിക്കര, പൂടങ്കല്ല്, തായന്നൂര്‍, ചീമേനി അമ്മന്‍കോട്, മടിക്കൈ ഗ്രാമപ്പഞ്ചായത്തിലെ ബങ്കളം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 1.35-നാണ് ഈ പ്രദേശങ്ങളിലെല്ലാം ഭൂചലനമുണ്ടായത്. പുലര്‍ച്ചെ 5.30-ഓടെ അറബിക്കടലിന്റെ പലഭാഗത്തും ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. ലക്ഷദ്വീപിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്റെ പ്രതിഫലനമാകാം ഇവിടെയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.