ബെംഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവിന്റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ അറസ്റ്റില്‍. ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയാണ് ബ്രഹ്മപുര പോലീസ് അറസ്റ്റു ചെയ്തത്. അഞ്ചുലക്ഷം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്.
കലബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ഗാസിപുര്‍ അട്ടാര്‍ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ മകന് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് നാലുപേരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഉമാദേവിയുടെ നിര്‍ദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേര്‍ന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപ പ്രതിഫലം വാങ്ങുകയും ചെയ്തു.