India

പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ | railway announce compensation for women

ഇന്റർസിറ്റി എക്സ്പ്രസിൽ വച്ചാണ് യുവതിയെ അക്രമി വലിച്ചെറിഞ്ഞത്

വെല്ലൂർ: പീഡനശ്രമം ചെറുത്തതിന് പിന്നാലെ അക്രമി ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞതോടെ ​ഗർഭസ്ഥ ശിശു മരിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവതിക്ക് 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ. ദക്ഷിണ റെയിൽവേയാണ് യുവതിക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വച്ച് ഗർഭിണിയായ 36കാരിയെ അക്രമി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ വച്ചാണ് യുവതിയെ അക്രമി വലിച്ചെറിഞ്ഞത്.

മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ യുവതിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ എം സെന്തമിൾ സെൽവനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലേഡീസ് കംപാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് വ്യക്തമായതിന് പിന്നാലെ ട്രെയിൻ പുറപ്പെടുന്ന അവസാന നിമിഷമാണ് അക്രമി കംപാർട്ട്മെന്റിൽ കയറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് ആണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്.

ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ നാല് മാസം ഗർഭിണിയായ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വീഴ്ചയിൽ കൈകളും കാലുകളും വട്ടമൊടിഞ്ഞ് എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിന് സമീപത്ത് കിടന്ന യുവതിയെ ഇതുവഴി പോയ ആളുകളാണ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ ഗർഭസ്ഥ ശിശുവിന് കുഴപ്പമില്ലെന്ന് വിശദമാക്കിയ ആശുപത്രി അധികൃതർ കുഞ്ഞിന്റെ ഹൃദയം പ്രവർത്തനം നിലച്ചതായി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തിന് പിന്നാലെ ലേഡീസ് കമ്പാർട്ട്മെന്റിലെ സുരക്ഷാ വർധിപ്പിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.