കുന്ദംകുളം: കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്ന് വിലങ്ങണിയിച്ച് ഇന്ത്യയിലെത്തിച്ചതിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കൈയിലും കാലിലും വിലങ്ങണിയിച്ചാണ് ആളുകളെ നാടുകടത്തിയതെന്നും ചെറിയ രാജ്യങ്ങൾ ഇതിനെ എതിർത്തുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
നിര്‍മിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോര്‍പ്പറേറ്റുകളുടേയും മുതലാളിമാരുടേയും കൈയിലെത്തുന്നതോടെ പ്രതിസന്ധികള്‍ കൂടുമെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. എ ഐ ഉപയോഗത്തോടെ കുത്തക മുതലാളിത്തത്തിന്റെ ലാഭം കൂടും. ഇതോടെ പ്രതിസന്ധി വർധിക്കുമെന്നും വൈരുധ്യം കൂടുമെന്നും ജോലി നഷ്ടപ്പെടുമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
ജനകീയ ചൈന ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിലുള്ള സംവിധാനം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന വളരാൻ സാധിക്കുന്ന ഒന്നായിട്ടാണ് അവർ ഉപയോഗിക്കുന്നത്. കുത്തക മുതലാളിമാർക്ക് ഉപയോഗിക്കാൻ കഴിയുന്ന എ ഐ സംവിധാനം അല്ല ചൈനയിലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ചൈന ബഹുദൂരം മുന്നേറുന്നുവെന്നും എം വി ഗോവിന്ദൻ പ്രശംസിച്ചു. ചൈനയ്ക്ക് നേരെ അമേരിക്ക കടന്നാക്രമണം നടത്തുകയാണ്. ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും അതിനൊപ്പം ചേരുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ചെലവിലാണ് ഡല്‍ഹിയിൽ ബിജെപി സർക്കാർ ഉണ്ടാക്കിയത്. തൃശൂരിൽ ക്രിസ്ത്യൻ വോട്ടടക്കം ബിജെപിയ്ക്ക് അനുകൂലമായി 86,000 വോട്ടുകൾ കിട്ടി. കോൺഗ്രസിന്റെ വോട്ടാണ് ചോർന്നതെന്നും തൃശൂർ കോൺഗ്രസിൽ അതിഗുരുതര സ്ഥിതിയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കുന്നംകുളത്താണ് ഇത്തവണ സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നത്. 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാനത്തെ ജില്ലാ സമ്മേളനമാണിത്.
സംസ്ഥാന സിപിഐഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഗൗരവമായ വിമർശനങ്ങൾ പൊതുചർച്ചയിൽ ഉയർന്നു വന്നേക്കും. ഇതിന് പുറമെ മറ്റ് സഹകരണ ബാങ്കുകളിൽ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍, പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നും ബിജെപി അക്കൗണ്ട് തുറക്കാനിടയായതും സമ്മേളനത്തിൽ ഗൗരവമായ രാഷ്ട്രീയ വിഷയമായി ഉയർന്ന് വന്നേക്കും.
ഫെബ്രുവരി 11ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിലവിൽ ജില്ലാ സെക്രട്ടറിയായ എം എം വർഗീസ് ചുമതല ഒഴിഞ്ഞേക്കും. എംഎൽഎ കെ വി അബ്ദുൽ ഖാദർ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് എന്നിവരെയാണ് പുതിയ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നത്.