പഴം കഴിച്ചാല്‍ തൊലി നേരേ വേസ്റ്റ്ബിന്നിലേക്ക് എറിയാതെ അതു ഉപയോഗിച്ച് മുഖം മിനുക്കിയാലോ.. പഴത്തൊലിയും ആന്റി-ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമൃദ്ധമാണ്. ഇത് നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പഴത്തൊലി ഉപയോഗിച്ച് 5 സിംപിള്‍ ഫേയ്സ് പാക്കുകള്‍
1. പഴത്തൊലിയും തേനും
പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയതാണ് പഴത്തൊലിയും തേനും ചേര്‍ത്തുള്ള ഫേയ്സ്പാക്ക്. ഇത് ചര്‍മത്തില്‍ ഈര്പം നിലനിര്‍ത്താനും തിളങ്ങാനും സഹായിക്കും.
തയ്യാറാക്കുന്ന വിധം
പഴത്തൊലിയുടെ ഉള്‍ഭാഗം ചുരണ്ടിയെടുത്ത് ഒരു ടേബിള്‍സ്പൂണ്‍ തേനില്‍ ചേര്‍ക്കുക. മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഇത് ചര്‍മത്തില്‍ പുരട്ടുക. 15-20 മിനിറ്റുകള്‍ക്ക് ശേഷം ചെറുചൂടു വെള്ളത്തില്‍ കഴുകാം. ഇത് ചര്‍മത്തെ പെട്ടെന്ന് മൃദുവാക്കാന്‍ സഹായിക്കും.
2. പഴത്തൊലിയും മഞ്ഞളും
മുഖക്കുരുവും കറുത്തപാടുകളും നീക്കാന്‍ പഴത്തൊലി-മഞ്ഞള്‍ ഫേയ്സ്പാക്ക് പരീക്ഷിക്കാം. ഇതിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ചര്‍മത്തിന്റെ അസ്വസ്ഥതകള്‍ ശമിപ്പിക്കാന്‍ സഹായിക്കും.
തയ്യാറാക്കുന്ന വിധം
പഴത്തൊലിയുടെ ഉള്‍ഭാഗം ചുരണ്ടിയെടുത്ത ശേഷം നന്നായി മിക്സ് ചെയ്ത ശേഷം ഒരു നുള്ള് മഞ്ഞള്‍ പൊടിയും റോസ് വാട്ടറും ചേര്‍ക്കാം. ഈ പാക്ക് മുഖത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം.
3. പഴത്തൊലിയും കറ്റാര്‍വാഴയും
ചര്‍മത്തിലെ ടാന്‍ നീക്കം ചെയ്യാന്‍ ഈ പാക്ക് മികച്ചതാണ്. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്തി ചര്‍മം തണുപ്പിക്കാന്‍ ഇത് സഹായിക്കും.
തയ്യാറാക്കുന്ന വിധം
ടേബിള്‍സ്പൂണ്‍ ഉപയോഗിച്ച് പഴത്തൊലിയുടെ ഉള്‍ഭാഗം ചുരണ്ടിയെടുത്ത ശേഷം അതിലേക്ക് അല്പം കറ്റാര്‍ വാഴ ജെല്ലു ചേര്‍ത്ത് മിക്സ് ചെയ്യാം. ഇത് മുഖത്തും കഴുത്തിലും പുരട്ടി എകദേശം 20 മിനിറ്റ് വരെ വയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം.
4. പഴത്തൊലിയും ഓട്സും
ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ പ്രകൃതിദത്തമായി ഈ പാക്ക് സഹായിക്കും.
തയ്യാറാക്കുന്ന വിധം
പഴത്തൊലി ഉണക്കി പൊടിച്ച ശേഷം ഒരു ടേബിള്‍സ്പൂണ്‍ ഓട്സിനൊപ്പം അല്‍പ്പം പാല് കൂടി ചേര്‍ത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു പേസ്റ്റ് ആക്കാം. ഇതു കൊണ്ട് മുഖത്ത് പതിയെ മസാജ് ചെയ്തെടുക്കാം.
5. പഴത്തൊലിയും നാരങ്ങ നീരും
വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ നീര് ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നതിനും ഹൈപ്പര്പിഗ്മെന്റേഷന് ഇല്ലാതാക്കാനും സഹായിക്കും. പഴത്തൊലിയും നാരങ്ങയും ചേര്‍ത്തുള്ള പാക്ക് ചര്‍മം തിളക്കമുള്ളതാക്കാനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും.
തയ്യാറാക്കുന്ന വിധം
പഴത്തൊലിയുടെ ഉള്‍ഭാഗം ചുരണ്ടി അരച്ചെടുത്ത ശേഷം ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കാം. ഈ മിക്സ് മുഖത്ത് പുരട്ടി 10 മിനിറ്റ് വച്ച ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ഇത് കറുത്ത പാടുകള്‍ നീക്കാനും ചര്‍മം തിളങ്ങാനും സഹായിക്കും.
content highlight: face pack