മുഗ്‌റഖ, ഗാസ മുനമ്പ്: ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിൽ നിന്നുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ പിൻമാറ്റം ആരംഭിച്ചു. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായിട്ടാണ് ഇസ്രായേല്‍ അറിയിച്ചത്.
ആറ് കിലോമീറ്റര്‍ വരുന്ന നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനാണ് കരാറിലെ ധാരണ. വടക്കന്‍ തെക്കന്‍ ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് സംഘര്‍ഷകാലത്ത് ഇസ്രായേല്‍ സൈന്യം താവളമാക്കിയിരുന്നത്.
വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്ന് നെറ്റ്‌സാറിം കോറിഡോര്‍ വഴി കടന്നുപോവാന്‍ ഇസ്രായേല്‍ സൈന്യം പാലസ്തീനികളെ അനുവദിച്ചിരുന്നു. ഇതിന് ശേഷം യുദ്ധബാധിത മേഖലയായ വടക്കന്‍ ഗാസയിലേക്ക് ആയിരക്കണക്കിനാളുകളാണ് കാല്‍നടയായും വാഹനങ്ങളിലും ഇതുവഴി കടന്നുപോയത്. പരിശോധനകളില്ലാതെയാണ് ഇവരെ കടത്തിവിടുന്നത്.
പ്രദേശത്ത് നിന്ന് എത്രത്തോളം സൈനികരെ പിന്‍വലിച്ചുവെന്ന് വ്യക്തമല്ല. നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുണ്ടെങ്കിലും ഇസ്രായേലുമായും ഈജിപ്തുമായുള്ള ഗാസയിലെ അതിര്‍ത്തി മേഖലയില്‍ ഇസ്രായേല്‍ സൈന്യം തുടരുന്നുണ്ട്.
അതേസമയം ഹമാസിന്റെ തടവിലുള്ള കൂടുതല്‍ ഇസ്രായേലി ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാറിന്റെ ഭാഗമായി ഇതിനകം നൂറുകണക്കിന് പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുകയും ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് പകരമായി ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയില്‍ നിന്ന് സൈനികരെ പൂര്‍ണമായി പിന്‍വലിക്കുന്നത് ഭാവിയില്‍ ചര്‍ച്ചയായേക്കും.