രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനെതിരെ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയിലാണ്. നേരത്തെ ജമ്മു കാശ്മീരിന്റെ ആദ്യ ഇന്നിങ്‌സ് 280 റണ്‍സിന് അവസാനിച്ചിരുന്നു. അവസാന വിക്കറ്റുകളിലെ ചെറുത്തുനില്പാണ് രണ്ടാം ദിവസത്തെ കളി ജമ്മു കശ്മീരിന് അനുകൂലമാക്കിയത്. എട്ട് വിക്കറ്റിന് 228 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കശ്മീരിനെ യുധ്വീര്‍ സിങ്ങിന്റെയും ആക്വിബ് നബിയുടെയും ഇന്നിങ്‌സുകളാണ് 280 വരെയെത്തിച്ചത്. യുധ്വീര്‍ സിങ് 26ഉം ആക്വിബ് നബി 32ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി നിധീഷ് എം ഡി ആറ് വിക്കറ്റ് വീഴ്ത്തി. ആക്വിബ് നബിയെ പുറത്താക്കി ആദിത്യ സര്‍വാടെ രഞ്ജി ട്രോഫിയില്‍ 300 വിക്കറ്റ് തികച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഷോണ്‍ റോജര്‍ റണ്ണെടുക്കാതെ മടങ്ങിയപ്പോള്‍ രോഹന്‍ കുന്നുമ്മല്‍ ഒന്നും സച്ചിന്‍ ബേബി രണ്ടും റണ്‍സെടുത്ത് പുറത്തായി. മൂന്ന് പേരെയും പുറത്താക്കി ആക്വിബ് നബിയാണ് കേരള ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. നാലാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ജലജ് സക്‌സേയും ചേര്‍ന്ന് നേടിയ 94 റണ്‍സാണ് കേരളത്തെ കരകയറ്റിയത്. അക്ഷയ് ചന്ദ്രന്‍ 124 പന്തുകളില്‍ നിന്ന് 29 റണ്‍സെടുത്തപ്പോള്‍, ജലജ സക്‌സേന 67 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ മൊഹമ്മദ് അസറുദ്ദീന്‍ 15ഉം ആദിത്യ സര്‍വാടെ ഒരു റണ്ണും എടുത്ത് പുറത്തായി. യുധ്വീര്‍ സിങ്ങാണ് ഇരുവരെയും പുറത്താക്കിയത്. എട്ടാം വിക്കറ്റില്‍ സല്‍മാന്‍ നിസാറും നിധീഷ് എം ഡി യും ചേര്‍ന്നുള്ള 54 റണ്‍സാണ് മറ്റൊരു തകര്‍ച്ചയില്‍ നിന്ന് കേരളത്തെ രക്ഷിച്ചത്. നിധീഷ് 30 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ നസീര്‍ 49 റണ്‍സുമായി പുറത്താകാതെ നില്ക്കുകയാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആക്വിബ് നബിയാണ് കശ്മീര്‍ ബൌളിങ് നിരയില്‍ തിളങ്ങിയത്. യുധ്വീര്‍ സിങ്ങും സാഹില്‍ ലോത്രയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.