ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കും ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനുമെതിരേ ഉയര്‍ന്നിരുന്നത്. എന്നാൽ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്രിവാളിന് മാത്രമാണെന്ന് കെജ്രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് എ.എ.പി സഹ സ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ.
നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങള്‍ക്ക് ബദലായ ജനാധിപത്യപരവും സുതാര്യവുമായ ആശയവുമായി രൂപീകൃതമായ പാര്‍ട്ടിയായിരുന്നു ആം ആദ്മി എന്നാല്‍, പാര്‍ട്ടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും കെജ്രിവാള് അട്ടിമറിച്ചുവെന്നാണ് പ്രശാന്ത് ഭൂഷണ് ആരോപിക്കുന്നത്. കെജ്രിവാള് അദ്ദേഹത്തിനായി 45 കോടി മുടക്കി വസതിയൊരുക്കുകയും യാത്രകള്‍ ആഡംബര കാറുകളിലേക്ക് മാറ്റുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരേഖയായി തയാറാക്കിയ നയറിപ്പോര്‍ട്ട് അദ്ദേഹം ചവറ്റുകൊട്ടയില്‍ എറിയുകയും, സാഹചര്യത്തിന് അനുസരിച്ചുള്ള നയങ്ങള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നാണ് പ്രശാന്ത് ഭൂഷണ് വിമര്‍ശിച്ചു.
ആം ആദ്മി പാര്‍ട്ടിയെ കെജ്രിവാള് സുരതാര്യമല്ലാത്തതും അഴിമതി പൂര്ണമായതും ഏകാധിപത്യ സ്വഭാവമുള്ളതുമാക്കി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുപ്രചരണങ്ങളിലൂടെ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കെജ്രിവാള് ധരിച്ചത്. ഇത് എ.എ.പിയുടെ അവസാനത്തിന്റെ ആരംഭമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
STORY HIGHLIGHT: prashant bhushan criticizes kejriwal