തിരുവനന്തപുരം: അലങ്കാരച്ചെടി വില്പന കേന്ദ്രത്തിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ച കോടതി അന്തിമവാദം കേള്‍ക്കും. ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് കേസ് പരിഗണിക്കുന്നത്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന് 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി.
പ്രോസിക്യൂഷന് ഹാജരാക്കിയ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്നത് താന്‍ തന്നെയെന്ന് കോടതിയുടെ നേരിട്ടുള്ള ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകല്‍ 11.50-നാണ് തമിഴ്നാട് കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന് അലങ്കാരച്ചെടി കടയ്ക്കുള്ളില്‍ വെച്ച് വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ നാലരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം. ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന് പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്.
സമാനരീതിയില്‍ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13-കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്.