തിരുവനന്തപുരം: കിളിയൂരിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. വെള്ളറട സ്വദേശി ജോസി(70)നെ മകൻ പ്രജിൻ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്.
കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ രോമങ്ങളും നീക്കം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രജിൻ്റെ മുറിയിലെ ബാത്ത്റൂമിനുള്ളിൽ രോമങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ജോസിനെ കൊന്നത് അതിക്രൂരമായാണെന്നാണ് ഭാര്യ സുഷമയുടെ മൊഴി. ജോസിനെ ആക്രമിച്ച സമയം മുതൽ കൊന്നുവെന്ന് ഉറപ്പുവരുത്തുന്നതുവരെ പ്രജിൻ സംസാരിച്ചിരുന്നില്ല. ജോസിനെ കൊന്നതിനു ശേഷം പ്രജിൻ ആദ്യമായി സംസാരിച്ചത് അച്ഛൻ്റെ സഹോദരൻ ജയനോടാണ്. ‘അങ്കിളേ ഞാൻ എൻ്റെ അപ്പനെ കൊന്നു’വെന്നാണ് പ്രജിൻ പറഞ്ഞതെന്ന് ജയൻ പറഞ്ഞു.
കൊവിഡിനെ തുടർന്നാണ് പ്രജിൻ ചൈനയിലെ മെഡിക്കൽ പഠനം പൂർത്തിയാക്കാതെ നാട്ടിൽ മടങ്ങിയെത്തിയത്. പിന്നീടാണ് അഭിനയ മോഹവുമായി പ്രജിൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽനിന്നും തിരികെ വന്നശേഷം മകനിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അമ്മ പ്രതികരിച്ചത്.
2014-ലാണ് പ്രജിൻ മെഡിക്കൽ പഠനത്തിനായി ചൈനയിലെ വുഹാൻ സിറ്റിയിൽ എത്തുന്നത്. കൊച്ചിയിലെ ഒരു ഏജൻസി വഴിയാണ് ചൈനയിൽ പോയത്. എന്നാൽ കൊവിഡ് കാലത്ത് പഠനം പൂർത്തിയാക്കാൻ കഴിയാതെ പ്രജിൻ നാട്ടിലേക്ക് മടങ്ങി. അവസാന വർഷ പരീക്ഷയ്ക്ക് അടയ്ക്കാനിരുന്ന ഫീസ് ഏജൻസി വഴി അടച്ചെങ്കിലും അത് കോളേജിന് ലഭിച്ചില്ലെന്ന കാരണത്താൽ പ്രജിന് പരീക്ഷയെഴുതാനും കഴിഞ്ഞില്ല. ഏജൻസിക്ക് എതിരെ ഡിജിപിക്കും എസ്പിക്കും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പ്രജിൻ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിലധികമായി തങ്ങൾ മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചതെന്നാണ് അമ്മ സുഷമ വെളിപ്പെടുത്തിയത്. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണ് പ്രജിനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങിയത്. മുറിയിൽ നിന്നും ഓം പോലെയുള്ള ശബ്ദം കേൾക്കുമായിരുന്നുവെന്നും മുറിക്കുള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും സുഷമ പറഞ്ഞു. കൊലപാതകത്തിനു ശേഷമാണ് ബ്ലാക്ക് മാജിക് ആണെന്നത് അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.
മെഡിക്കൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ സിനിമയിൽ അഭിനയിക്കണമെന്നായി മോഹം. ഒടുവിൽ കൊച്ചിയിലെ നിയോ ഫിലിം ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂളിൽ അഭിനയം പഠിക്കാനായി പോയി. കൊച്ചിയിൽ നിന്നും മടങ്ങിയെത്തിയ പ്രജിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചുവെന്നാണ് അമ്മ റിപ്പോർട്ടിനോട് പറഞ്ഞത്.
കഴിഞ്ഞ ഏഴ് വർഷമായി മകൻ്റെ അടിമകളായി ജോസിനും സുഷമയ്ക്കും കഴിയേണ്ടി വന്നത്. രാത്രികാലങ്ങളിൽ ഇരുവരെയും വീടിനു പുറത്താക്കി വീട് പൂട്ടുക, അച്ഛനെ മർദ്ദിക്കുകയും അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേർത്ത് ഉയർത്തി നിർത്തുക തുടങ്ങി ശാരീരികമായും മാനസികമായും പ്രജിൻ നിരന്തരം ഉപദ്രവിച്ചുവെന്നാണ് അമ്മ സുഷമയുടെ വെളിപ്പെടുത്തിയത്.
ഒടുവിൽ ഫെബ്രുവരി അഞ്ചാം തീയതി ബുധനാഴ്ച രാത്രി 9.45-ന് ഹാളിലെ സോഫയിൽ ഉറങ്ങിക്കിടന്ന ജോസിൻ്റെ കഴുത്തിൽ മകൻ വെട്ടുന്ന കാഴ്ചയാണ് അമ്മ സുഷമ കാണുന്നത്. ഭർത്താവിനെ രക്ഷിക്കാൻ കഴിയാതെ ബോധരഹിതയായി സുഷമ നിലത്തുവീണു. പ്രാണരക്ഷാർത്ഥം അടുക്കള വഴി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ജോസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 24 വെട്ടുകളാണ് സ്വന്തം മകനിൽ നിന്നും ജോസിൻ്റെ ശരീരത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങിയത്. ഒടുവിൽ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ ശേഷം പ്രജിൻ വെള്ളറട പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു. സാത്താൻ സേവ പോലുള്ള ആഭിചാരകർമങ്ങളിൽ മകൻ ഉൾപ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച് പരിഹാരം കണ്ടെത്തണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നിലവിൽ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.