ജനിക്കുമ്പോഴേ നിഴലായി കൂടെയുള്ളതാണ് മരണം. അതെപ്പോഴെങ്കിലും നമ്മുടെ നേര്‍ക്കുനേര്‍ വന്നു നില്‍ക്കും. അപ്പോള്‍ പോയേ മതിയാകൂ. അകാലത്തില്‍ മരണം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടു പോകുന്ന ഒരു സര്‍ക്കാര്‍ വകുപ്പുണ്ട് കേരളത്തില്‍. അതാണ് കേരളത്തിന്റെ സ്വന്തം ആനവണ്ടി കോര്‍പ്പറേഷന്‍ എന്ന അപരനാമമുള്ള KSRTC. ഇവിടെ ഓരോ ജീവനക്കാരന്റെയും കൂടെയുള്ള മരണ നിഴല്‍ ജോലിക്കു കയറുന്ന അന്നു മുതല്‍ തന്നെ നേര്‍ക്കുനേര്‍ വന്നു നില്‍ക്കുമെന്നര്‍ത്ഥം. 2025 പിറന്നിട്ട് ഒരു മാസവും പത്തു ദിവസവും മാത്രമേ ആയിട്ടുള്ളൂ. അതായത് 41 ദിവസം. അപ്പോഴേക്കും മരണ ദൂതന്‍ കൊണ്ിടു പോയത് 10 പേരെയാണ്.
ഹൃദയ സ്തംഭനം മൂലമാണ് ഭൂരിഭാഗം പേരുടെയും മരണം. ഇതു കൂടാതെ ആത്മഹത്യയും നടക്കുന്നുണ്ട്. അവസാനമായി കഴിഞ്ഞ ദിവസം കട്ടപ്പനയിലെ മണികണ്ഠന്‍ എന്ന ഡ്രൈവറാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. ഈ മരണത്തിനു പിന്നിലെ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഡ്യൂട്ടി സറണ്ടര്‍ ചെയ്യാന്‍ അനുവദിക്കാതെയാണ് മണികണ്ഠനെ ജോലി എടുപ്പിച്ചതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്. മണികണ്ഠനൊപ്പം ജോലി ചെയ്യുന്ന ജീവനക്കാര്‍ തന്നെയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നതും.
ഇന്നലെ പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ അരുണ്‍ വാമനപുരം ആറില്‍ ചാടി ആത്മഹത്യ ചെയ്തു. പുതുവര്‍ഷത്തെ 41 ദിവസത്തിനുള്ളിലെ ഒടുവിലത്തെ മരണമാണെങ്കിലും KSRTCയില്‍ അടുത്താര് എന്നൊരു ചോദ്യം എല്ലാ ജീവനക്കാരുടെയും മനസ്സുകളില്‍ ഉര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സഹായ കോര്‍പ്പറേഷനില്‍ മരിക്കുന്ന ജീവനക്കാര്‍ക്ക് ഒരു പട്ടിയുടെ വിലപോലുമില്ലെന്ന് തെളിയിക്കുന്നതു കൂടിയാണ് കട്ടപ്പനയിലെ ഡ്രൈവറുടെ മരണം. കഴിഞ്ഞ ദിവസം മൂന്നാറില്‍ വകുപ്പുമന്ത്രി പങ്കെടുത്ത ഒരു വലിയ ഉദ്ഘാടന ചടങ്ങു നടന്നിരുന്നു. ടൂറിസം വികസനത്തിനായി ഡബിള്‍ ഡക്കര്‍ നിരത്തിലിറക്കല്‍ ആയിരുന്നു അത്.
ഈ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മണികണ്ഠന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു അനുശോഛന യോഗമോ, മണികണ്ഠന്‍ എന്ന ഡ്രൈവറുടെ മരണത്തെക്കുറിച്ച് ഒരു വാക്കോ പറയാതിരുന്നതില്‍ ജീവനക്കാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മരുന്നിന് പണമില്ലാതെ മരിച്ച മണികണ്ഠന്‍ KSRTC എന്ന സര്‍ക്കാര്‍ സഹായ കോര്‍പ്പറേഷനിലെ വെറും അടിമയായതു കൊണ്ടാണ് ആ ജീവന് വിലയില്ലാതെ പോയത്. മണികണ്ഠന്‍ എന്ന മനുഷ്യനിലല്ല, ആ ജീവനക്കാരന്‍ മരിക്കുന്നതിനു മുമ്പുവരെ എത്ര യാത്രക്കാരെയാണ് കൃത്യസമയത്തും, കരുതലോടു കൂടിയും അവരവരുടെ സ്ഥലങ്ങളില്‍ സുരക്ഷിതമായെത്തിക്കാന്‍ വളയം പിടിച്ചത്. അതും കൊക്കയും, മലകളും, കുത്തിറക്കങ്ങളുമുള്ള മൂന്നാര്‍ റൂട്ടില്‍.
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതായിരുന്നു മന്ത്രിയും KSRTCയും. അത്രമാത്രം ചെയ്യാനുള്ള കടമയുണ്ട് നിങ്ങക്കെന്ന് വിശ്വസിക്കുന്നവരുണ്ട്. അനാഥരായി മരിക്കുന്നവരെ കോര്‍പ്പറേഷനും മുനിസിപ്പാലിറ്റിയുമൊക്കെ പൊതു ശ്മശാനത്തില്‍ കൊണ്ടുപോയി കുഴിച്ചിടും. എന്നാല്‍ ഇവിടെ, KSRTC എന്ന കോര്‍പ്പറേഷനില്‍ ജോലി ചെയ്തവരെല്ലാം അനാഥരായാണ് മരിക്കുന്നത്. ആരും തിരിഞ്ഞു നോക്കാനില്ലാത്ത സ്ഥിതിയില്‍. ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ, കടമാണ് വരുത്തിവെച്ചതെന്ന ദുഷ്‌പ്പേരും കേട്ടുള്ള മരണം. അതിന് കാരണക്കാര്‍ ആരാണ് ?.
KSRTCയില്‍ ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഓര്‍ക്കണം, മരണം മാടി വിളിക്കുന്ന വകുപ്പാണെന്ന്. മറ്റേതൊരു സര്‍ക്കാര്‍ വകുപ്പുകളും വെച്ച് താരതമ്യം ചെയ്തു നോക്കൂ. എത്രപേരാണ് മരിക്കുന്നതെന്ന്. എന്തസുഖത്താലാണ് മരിക്കുന്നതെന്ന്. എന്നിട്ടും ഭയമില്ലാതെ, ബസ് ഓടിക്കുമ്പോള്‍പ്പോലും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ഉറപ്പുള്ളപ്പോഴും യാത്രക്കാരെ സുരക്ഷിതമായെത്തിക്കാന്‍, KSRTCക്ക് വരുമാനം ഉണ്ടാക്കാന്‍, തന്റെ ജോലി വൃത്തിക്കും വെടിപ്പായും ചെയ്യാന്‍, കേരളത്തെ ചലിപ്പിക്കാന്‍ ജീവനക്കാര്‍ നടത്തുന്നതിനേക്കാള്‍ വലിയ ആത്മാര്‍ത്ഥതയൊന്നും മന്ത്രിയോ എം.ഡിയോ ഉദ്യോഗസ്ഥരോ കാട്ടുന്നില്ലെന്നുറപ്പാണ്.
എന്നിട്ടും, കടത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്നുതു മുഴുവന്‍ ജീവനക്കാര്‍. ബാക്കി എല്ലാവരും KSRTCക്കു വേണ്ടി അഹോരാത്രം മുണ്ടുമുറുക്കിയുടുത്ത് പണിയെടുക്കുന്നവര്‍. മന്ത്രിയാണെങ്കില്‍ ഉറങ്ങുന്നുപോലുമില്ല. എംഡി. സ്വന്തം ശമ്പളംപോലും ജീവനക്കാര്‍ക്കു പകുത്തു നല്‍കുന്ന ദാനധര്‍മ്മിഷ്ടന്‍. ഉര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ പട്ടിണി മാത്രം. ഇങ്ങനെയാണ് KSRTC മുന്നോട്ടു കൊണ്ടു പോകുന്നതെന്ന ധാരണയുണ്ടാക്കി വെച്ചിരിക്കുന്നത് ജനങ്ങളെയും ജീവനക്കാരെയും പറ്റിക്കാന്‍ വേണ്ടി മാത്രമാണ്. ഇന്ന് തീയതി പത്ത്. ശമ്പളം തരുമോ എന്നു ചോദിക്കുന്ന KSRTC ജീവനക്കാരനോട്, മന്ത്രി പറയുന്നത് ഇങ്ങനെയാണ് ‘തരില്ല എന്നു പറഞ്ഞില്ലല്ലോ, തരാം’ എന്നാണ്. പക്ഷെ, എപ്പോ തരും എന്നുമാത്രം മന്ത്രി പറയില്ല.
ഇനിയും KSRTCയിലെ ജീവനക്കാര്‍ പെന്‍ഷനും ശമ്പളവും കൃത്യമായി കിട്ടാത്തതുകൊണ്ട് കൃത്യമായി മരുന്നുവാങ്ങാന്‍ കഴിയാതെ നേരാംവണ്ണം ശരീരം നോക്കാതെ മരണത്തിന്റെ വക്കിലെത്തിയിട്ടുണ്ട്. അവരൊക്കെ ചത്തിട്ടോ, മൃതപ്രായരായിട്ടോ മാത്രമേ ശമ്പളവുംപെന്‍ഷനും നല്‍കൂവെന്ന് വാശിയോടെ ഇരിക്കുന്നവരാണ് തലപ്പത്തെല്ലാം ഉള്ളതെന്നു പറയാതെവയ്യ. അതാണ് കരലുറപ്പുള്ള കേരളം എന്നു കാട്ടിത്തരുന്നുണ്ട്. കട്ടപ്പനയില്‍ മരണപ്പെട്ട മണികണ്ഠന്‍ എന്ന ഡ്രൈവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിക്തയില്‍ ആയിരുന്നു. ചികിത്സയ്ക്കും മരുന്നു വാങ്ങാനും പണമില്ലെന്ന് വെഹിക്കിള്‍ സൂപ്പവൈസര്‍മാരോട് പറഞ്ഞിട്ടുമുണ്ടായിരുന്നു. എന്നാണ് ജീവനക്കാര്‍ പറയുന്നത്.
ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ വ്യക്തിയായിട്ടും മരുന്നു വാങ്ങാന്‍ പണമില്ലാത്ത അവസ്ഥ അതി ദയനീയമാണ്. ഡ്യൂട്ടി സറണ്ടര്‍ ചെയ്യാനും അനുവദിച്ചില്ല. നാലു ദിവസം അടുപ്പിച്ച് ഡ്യൂട്ടി എടുക്കേണ്ട അവസ്ഥയും ഉദ്യോഗസ്ഥരുടെ കാരുണ്യത്തില്‍ ലഭിച്ചു. ജീവനക്കാരാണ് മരുമന്നുവാങ്ങാന്‍ പണം കടമായും അല്ലാതെയും നല്‍കിയിരുന്നത്. ഡ്യൂട്ടിക്കു വരേണ്ട ദിവസത്തിലായിരുന്നു മണികണ്ഠന്റെ മരണം സംഭവിച്ചതും. ഇനിയും അകാല മരണങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ അകാല മരണ റെക്കോഡ് സ്ഥാപിക്കാനും അതുവഴി ലോകമറിയാനുമുള്ള ഇടപെടല്‍ കൂടി സര്‍ക്കാര്‍ നടത്തുന്നുണ്ടോ എന്നും സംശിക്കേണ്ടതുണ്ട്.
അസുഖം വന്ന് മരണപ്പെടുന്നത് സര്‍ക്കാരിന്റെ കുഴപ്പമല്ല എന്നൊരു മുടന്തന്‍ ന്യായം ഉന്നയിച്ചേക്കാം. ഈ ന്യായം KSRTCയും മന്ത്രിയും തട്ടിവിടുകയും ചെയ്യും. എന്നാല്‍, കഴിഞ്ഞ വര്‍ഷം KSRTCയില്‍ മരണപ്പെട്ട ജീവനക്കാരുടെ എണ്ണം എടുത്തൊന്നു പരിശോധിക്കണം. അപ്പോഴറിയാം ആരാണ് കാരണക്കാരെന്ന്. അവര്‍ക്കുള്ള രോഗമെന്തായിരുന്നുവെന്ന് നോക്കണം. അഴര്‍ക്ക് ചികിത്സിക്കാന്‍ പണമുണ്ടായിരുന്നോ എന്നും, ശമ്പളം എപ്പോഴൊക്കെയാണ് കിട്ടിയിരുന്നതെന്നും പരിശോധിക്കണം. അവരുടെ ജീവിത ചുറ്റുപാടുകളും, കടക്കാരുടെ എണ്ണവും, കുടുംബം കഴിയുന്ന അവസ്ഥയും നിരീക്ഷിക്കണം.
ഇതിനു സമമാണോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നതെന്നും പരിശോധിച്ചാല്‍ മനസ്സിലാകും ആരാണ് കൊലയാളിയെന്ന്. എന്നാല്‍, ഒരുകാര്യം പറയാതെ വയ്യ, പക്ഷെ, ലോകാരോഗ്യ സംഘടനയും മറ്റു ഏജന്‍സികളും നടത്തിയ പഠനങ്ങളിലെല്ലാം കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യ ഇന്‍ഡക്‌സ് ഞെട്ടിക്കുന്നതാണ്. മരണം തൊടാത്ത മനുഷ്യര്‍ കേരളത്തിലാണ് കൂടുതല്‍ എന്നാണ്. അതായത്, ആയുര്‍ ദൈര്‍ഘ്യം ശരാശരി 75-80നും മുകളില്‍. ഇത് കേരളത്തിന്റെ ആരോഗ്യ മേഖലയെ ഉയര്‍ത്തിക്കാട്ടുമ്പോള്‍, KSRTC എന്ന സര്‍ക്കാര്‍ സഹായ കോര്‍പ്പറേഷന്‍ മാത്രം ഇതിന് അപമാനമായി നില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ മരിക്കുന്ന സ്ഥാപനം എന്ന നിലയിലുള്ള കണക്കിലാണ് KSRTC മുന്നില്‍. ഇത് കൂടുകയേ ഉള്ളൂ. കുറയില്ല എന്നുറപ്പായിട്ടുണ്ട്. കാരണം, ഇപ്പോഴും അവര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല.
CONTENT HIGH LIGHTS;Only Department Calling ‘Death’: Less Life Expectancy in KSRTC; 41 days after the birth of the new year; Deaths so far 10; Because of work load and mental and physical breakdown; Abandoned Government and Uncaring Corporations Cause (Exclusive)