കോട്ടയംകാരുടെ സ്പെഷ്യൽ വിഭവമാണ് ആവി പാറുന്ന പിടിയും കോഴിക്കറിയും. അതിന്റെ രുചി അറിയാത്തവർ ഉണ്ടാകില്ല. എഡി 52 ൽ മുസിരിസിൽ വച്ച്, ചേര രാജാവ് സെന്റ് തോമസിന് വിളമ്പിയെന്ന് കരുതപ്പെടുന്ന ഈ വിഭവത്തിന് സാംസ്കാരിക പ്രധാന്യവുമുണ്ട്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വിവാഹങ്ങളിലും മതപരമായ ചടങ്ങുകളിലും ഈ വിഭവം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. തനത് കോട്ടയം വിഭവങ്ങളിൽ നാവിൽ കൊതിയൂറുന്ന റെസിപ്പി ഇതാ.
പിടി
ചേരുവകൾ
അരിപ്പൊടി- 1 കിലോ
തേങ്ങാപ്പീര്- 1 1/2
വെളുത്തുള്ളി- 4 അല്ലി
ജീരകം- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാനിലേയ്ക്ക് അരിപ്പൊടിയും തേങ്ങാ ചിരകിയതും ചേർത്തു വറുക്കാം. ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. ഒരു കപ്പ് വറുത്ത അരിപ്പൊടിയിലേയ്ക്ക് വെള്ളം ചേർത്തു തിളപ്പിക്കം. ഇതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ജീരകവും ചേർക്കാം. ഈ വെള്ളം ഒഴിച്ച് വറുത്ത പൊടി കുഴച്ചെടുക്കാം. നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം. വെളുത്തുള്ളിയും ജീരകവും ചേർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അത് അടുപ്പിൽ വച്ച് വീണ്ടും തിളപ്പിക്കാം. ഇതിലേയ്ക്ക് ഉരുളകൾ ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കാം. കുറുകി വരുമ്പോൾ അടുപ്പണച്ച് മാറ്റി വയ്ക്കാം.
കോഴിക്കറി
ചേരുവകൾ
കോഴി- 1/2 കിലോ
മുളകുപൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മല്ലിപ്പൊടി- 2 ടീസ്പൂൺ
കുരുമുളകുപൊടി- 1/2 ടീസ്പൂൺ
ഇഞ്ചി- ചെറിയ കഷ്ണം
വെളുത്തുള്ളി- 8
കറുവാപ്പട്ട- 1 കഷ്ണം
ഗ്രാമ്പൂ- 4
ഏലയ്ക്ക- 4
തക്കോലം- 1
തേങ്ങാപ്പാൽ- 2 കപ്പ്
സവാള- 2
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക, തക്കോലം എന്നിവ ചതച്ചു ചേർത്ത് കോഴിയിറച്ചി വേവിക്കാം. ഒരു പാനിൽ സവാള, കറിവേപ്പില, വെളുത്തുള്ളിയും ഇഞ്ചിയും അരച്ചത്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, എന്നിവ ചേർത്തു വഴറ്റാം. പച്ചക്കറികളുടെ നിറം മാറി വരുമ്പോൾ പാതി വെന്ത ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. ഇതിലേയ്ക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്തു തിളപ്പിക്കാം. പാകത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. കുറുകി വരുമ്പോൾ അടുപ്പണച്ച് മുകളിൽ മല്ലിയല വിതറി ചൂടോടെ പിടിക്കൊപ്പം വിളമ്പാം.