Sports

രഞ്ജി ട്രോഫി; ജമ്മു കശ്മീരിനെതിരെ ഒരു റണ്ണിന്റെ നിര്‍ണ്ണായക ലീഡുമായി കേരളം, സല്‍മാന്‍ നിസാറിന് സെഞ്ച്വറി,

പൂനെയില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജമ്മു കശ്മീരിനെതിരെ ശക്തമായി തിരിച്ചു വരവ് നടത്തി കേരളം. ഒരു റണ്ണിന്റെ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 281 റണ്‍സിന് അവസാനിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീര്‍ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്.

ആദ്യ സെഷനില്‍ കണ്ട കേരളത്തിന്റെ അതിശയകരമായ തിരിച്ചുവരവായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ സവിശേഷത. ഒന്‍പത് വിക്കറ്റിന് 200 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു. എന്നാല്‍ അസംഭവ്യമെന്ന് കരുതിയത് യാഥാര്‍ഥ്യമാക്കുകയായിരുന്നു സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും ചേര്‍ന്ന്. ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. പരമാവധി പന്തുകള്‍ സ്വയം നേരിട്ട്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള സല്‍മാന്റെ പ്രകടനമാണ് കേരളത്തിന് നിര്‍ണ്ണായക ലീഡ് സമ്മാനിച്ചത്. മറുവശത്ത് ബേസില്‍ തമ്പി സല്‍മാന് മികച്ച പിന്തുണ നല്‍കി. 12 ഫോറും നാല് സിക്‌സുമടക്കം 112 റണ്‍സുമായി സല്‍മാന്‍ പുറത്താകാതെ നിന്നു. 35 പന്തുകളില്‍ 15 റണ്‍സെടുത്ത ബേസില്‍ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സിന് അവസാനമായി. ലീഡ് നേടാനായതോടെ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കേരളം സെമിയിലേക്ക് മുന്നേറും. കശ്മീരിന് വേണ്ടി ആക്വിബ് നബി ആറും യുധ്വീര്‍ സിങ്ങും സാഹില്‍ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീരിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് റണ്‍സെടുത്ത ശുഭം ഖജൂരിയയെയും 16 റണ്‍സെടുത്ത യാവര്‍ ഹസ്സനെയും പുറത്താക്കി എം ഡി നിധീഷാണ് കേരളത്തിന് മുന്‍തൂക്കം സമ്മാനിച്ചത്. ക്യാപ്റ്റന്‍ പരസ് ദോഗ്രയും വിവ്രാന്ത് ശര്‍മ്മയും ചേര്‍ന്ന 39 റണ്‍സ് കൂട്ടുകെട്ടാണ് കശ്മീരിനെ കരകയറ്റിയത്. 37 റണ്‍സെടുത്ത വിവ്രാന്ത് ശര്‍മ്മയെ ബേസില്‍ എന്‍ പി പുറത്താക്കിയെങ്കിലും തുടര്‍ന്നെത്തിയ കനയ്യ വാധ്വാന്‍ ക്യാപ്റ്റന് മികച്ച പിന്തുണയായി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞു. കളി നിര്‍ത്തുമ്പോള്‍ പരസ് ജോഗ്ര 73 ഉം കനയ്യ വാധ്വാന്‍ 42ഉം റണ്‍സെടുത്ത് ക്രീസില്‍ തുടരുകയാണ്.