തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്‌കനെയാണ് കാട്ടാന ചവിട്ടിക്കൊന്നനിലയില്‍ കണ്ടെത്തിയത്. എന്നാൽ നാല് ദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്.
കുളത്തൂപ്പുഴ വനം റെയ്ഞ്ച് പരിധിയില്‍പ്പെട്ട വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തുവീട്ടില്‍ ബാബു(54)വിൻ്റെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികള്‍ കണ്ടെത്തിയത്.
കഴിഞ്ഞ നാലുദിവസമായി ബാബുവിനെ കാണാനില്ലായിരുന്നു. കുളത്തൂപ്പുഴ വനംപരിധിയില്‍പ്പെട്ട അടിപറമ്പ് ശാസ്താംനട കാട്ടുപാതയ്ക്കു സമീപമാണ് ബാബുവിന്റെ വസ്ത്രങ്ങള്‍ ആദ്യംകണ്ടത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിനൊടുവിലാണ് നീര്‍ച്ചാലിനു സമീപത്തായി ആന ചവിട്ടിക്കൊന്നനിലയില്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രധാന പാതയില്‍നിന്ന് എട്ട് കിലോമീറ്ററിലധികം വനത്തിനുള്ളിലൂടെ സഞ്ചരിക്കേണ്ടതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കോ പോലീസിനോ അവിടെ എത്താനായിട്ടില്ല. മൃതദേഹം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മൃതദേഹം വീണ്ടെടുത്ത് മൃതദേഹപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗവും വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.