രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റണ്‍സ് വിജയലക്ഷ്യം. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ്. ഒരു ദിവസത്തെ മത്സരവും എട്ട് വിക്കറ്റും കയ്യിലിരിക്കെ കേരളത്തിന് ജയിക്കാന്‍ 299 റണ്‍സ് കൂടി വേണം. മത്സരം സമനിലയില്‍ അവസാനിച്ചാലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് സെമിയിലേക്ക് മുന്നേറാം. നേരത്തെ ജമ്മു കശ്മീര്‍ രണ്ടാം ഇന്നിങ്‌സ് ഒന്‍പത് വിക്കറ്റിന് 399 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ജമ്മു കശ്മീരിന് മുതല്‍ക്കൂട്ടായത്. നാലാം വിക്കറ്റില്‍ കനയ്യ വധാവനൊപ്പം 146 റണ്‍സും അഞ്ചാം വിക്കറ്റില്‍ സാഹില്‍ ലോത്രയ്‌ക്കൊപ്പം 50 റണ്‍സും കൂട്ടിച്ചേര്‍ത്ത പരസ് ദോഗ്രയുടെ ഉത്തരവാദിത്തത്തോടെയുള്ള ഇന്നിങ്‌സാണ് കശ്മീരിനെ മികച്ച സ്‌കോറിലെത്തിച്ചത്. 132 റണ്‍സ് നേടിയ പരസ് ദോഗ്രയെ ആദിത്യ സര്‍വ്വാടെയാണ് പുറത്താക്കിയത്. കനയ്യ വധാവന്‍ 64ഉം സാഹില്‍ ലോത്ര 59ഉം റണ്‍സെടുത്തു. 28 റണ്‍സെടുത്ത ലോണ്‍ നാസിര്‍ മുസാഫര്‍, 27 റണ്‍സുമായി പുറത്താകാതെ നിന്ന യുധ്വീര്‍ സിങ് എന്നിവരും കശ്മീരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയാണ് കേരള ബൌളിങ് നിരയില്‍ കൂടുതല്‍ തിളങ്ങിയത്. ബേസില്‍ എന്‍ പിയും ആദിത്യ സര്‍വാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ത്ത് ഓപ്പണിങ് വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രോഹനെയും ഷോണ്‍ റോജറെയും അടുത്തടുത്ത ഇടവേളകളില്‍ പുറത്താക്കി യുധ്വീര്‍ സിങ് കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി. രോഹന്‍ 36ഉം ഷോണ്‍ റോജര്‍ ആറും റണ്‍സെടുത്തു. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. കളി നിര്‍ത്തുമ്പോള്‍ അക്ഷയ് ചന്ദ്രന്‍ 32ഉം സച്ചിന്‍ ബേബി 19 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയാണ്.