India

തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്; സുപ്രീംകോടതി – supreme court

തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.

തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ കമ്മിഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങൾ മാറ്റപ്പെട്ട ഇ.വി.എം മെമ്മറിയും മൈക്രോകണ്‍ട്രോളറും എന്‍ജിനീയർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ അത് നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എന്‍ജിനീയര്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വാദം മാര്‍ച്ച് മൂന്നിന് നടക്കും.

STORY HIGHHLIGHT: supreme court