കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്. പഴയ കഞ്ചാവിന്റെ കാലമൊക്കെ പോയി. എംഡിഎംഎയും എല്‍എസ്ഡി സ്റ്റാംപുകളും ഉള്‍പ്പെടെയുള്ള രാസലഹരിയാണ് കേരളത്തിലേക്ക് വരുന്നതെന്നും വി.ഡി.സതീശൻ. നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും പൊതുസ്ഥലത്തും ബീച്ചുകളിലും ഹോട്ടലുകളിലും ഒഴിഞ്ഞ് കിടക്കുന്ന വീടുകളിലുമൊക്കെ രാസലഹരി വസ്തുക്കള്‍ സുലഭമാണ്. എവിടെ നിന്നാണ് ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ ഇത്രയും ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് വരുന്നത്? ചുരം കടന്നും അതിര്‍ത്തി കടന്നും ട്രെയിനിലും കുറിയറിലുമൊക്കെയാണ് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ഒരു സ്ഥലത്തും അതിനെ തടയാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. പിടിക്കുന്ന ലഹരി വസ്തുക്കളും യഥാർഥത്തിൽ കേരളത്തിലേക്ക് എത്തുന്നതും തമ്മില്‍ ഒരു താരതമ്യവും ഇല്ല. ഇതിന്റെ പിന്നില്‍ മാഫിയ ഉണ്ടെന്നാണ് പറയുന്നത്. കേരളത്തിലെ യുവത്വത്തെ വഴിതെറ്റിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ മാഫിയയെ പുറത്തുകൊണ്ടു വരേണ്ട ചുമതല ആര്‍ക്കാണ്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്നും സതീശൻ ചോദിച്ചു.
ലഹരിയുടെ ഉപയോഗം നിയന്ത്രണം വിട്ടു പോകുന്ന തരത്തിലേക്ക് വര്‍ധിച്ചിരിക്കുന്നുവെന്ന യാഥാർഥ്യം മറച്ചു വച്ച് ഉറക്കം നടിച്ചിട്ട് കാര്യമില്ല. പുറത്ത് ഇറങ്ങി നടക്കാന്‍ ആളുകള്‍ക്ക് പേടിയാണ്. എവിടെ വച്ചും ഏത് നിരപരാധിയും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണ്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ലഹരിയുടെ കാരിയേഴ്‌സ് ആക്കുകയാണ്. എന്തൊരു ദുരന്തമാണ് ഇത് കേരളത്തിന് ഉണ്ടാക്കുന്നത്? അതിനൊക്കെ പരിഹാരമായി ഞങ്ങള്‍ വിമുക്തി നടത്തുന്നുണ്ട്, ക്യാംപെയ്ൻ നടത്തുന്നുണ്ട് എന്നു പറയുന്നതില്‍ ഒരു അർഥവുമില്ല. ബോധവത്ക്കരണം വേണം. പക്ഷേ എക്‌സൈസില്‍ ആകെ കുറച്ച് ജീവനക്കാരും കുറച്ച് സംവിധാനങ്ങളും മാത്രമേയുള്ളൂ. ആ സംവിധാനങ്ങള്‍ മുഴുവന്‍ ബോധവത്ക്കരണത്തിന് ഉപയോഗിക്കുകയാണ്.
ഒരു കേസ് പിടിച്ചാല്‍ അതിന്റെ സോഴ്‌സ് എവിടെയാണെന്ന് അന്വേഷിച്ചു പോകാനുള്ള ഒരു സംവിധാനം പോലുമില്ല. കേട്ടാല്‍ ചങ്ക് തകര്‍ന്നു പോകുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. നമ്മുടെ കേരളത്തെ മയക്കുമരുന്ന് മാഫിയയ്ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടോടെയുള്ള ഗൗരവതരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
STORY HIGHLIGHT: vd satheesan against drug mafia