മക്കളുടെ മുമ്പിൽ വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഭാര്യയും സുഹൃത്തും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മൽവാനി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും പോലീസ് സ്റ്റേഷനിലെത്തി ആളെ കാണാനില്ലെന്ന തരത്തിൽ പരാതിയും നൽകിയിരുന്നു. കൂലി തൊഴിലാളിയായിരുന്ന രാജേഷ് ചവാൻ ആണ് മരിച്ചത്. ഭാര്യ പൂജ, മരിച്ച രാജേഷിന്റെ സുഹൃത്തായ ഇംറാൻ മംസൂരി എന്നിവർ അറസ്റ്റിലായി.
രാജേഷിന്റെയും പൂജയുടെയും എട്ടും പത്തും വയസുള്ള മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. ഇംറാൻ കഴിഞ്ഞ മൂന്ന് മാസമായി ഈ കുടുംബത്തിനൊപ്പമായിരുന്നു താമസം. ഇരുവരും തമ്മിലുള്ള അവിഹിത ബന്ധം രാജേഷ് അറിഞ്ഞതോടെ അയാളെ കൊല്ലാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രാത്രി ഇരുവരും ചേർന്ന് രാജേഷിന് മദ്യം നൽകി ബോധരഹിതനാക്കിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ സമയം ദമ്പതികളുടെ രണ്ട് മക്കളും അടുത്ത് തന്നെയുണ്ടായിരുന്നു. കൊലപാതക ശേഷം പൂജയും ഇംറാനും രക്തക്കറ വൃത്തിയാക്കി. ശേഷം ഇരുചക്ര വാഹനത്തിൽ കയറിയിരുന്ന് രാജേഷിന്റെ മൃതദേഹം ഇരുവർക്കും ഇടയിൽ ഇരിക്കുന്ന തരത്തിൽ വെച്ചു. കഴുത്ത് ഷാൾ കൊണ്ട് മൂടി, രോഗിയായ ആളെ കൊണ്ടുപോകുന്ന തരത്തിൽ ഓടിച്ചുപോയി. സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
ശേഷം പോലീസ് സ്റ്റേഷനിലെത്തി രാജേഷിനെ കാണാനില്ലെന്ന പരാതി കൊടുക്കുകയായിരുന്നു. കേസ് അന്വേഷിക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇരുചക്ര വാഹനത്തിൽ മൂന്ന് പേരും കൂടി പോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് നടത്തിയ വിശദമായി ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
STORY HIGHLIGHT: Wife and friend arrested for killing husband