ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷ രാവിലെയാക്കുക സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയക്രമം രാവിലെയിലേക്ക് മാറ്റുന്നത് മാര്‍ച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ എം.എല്‍.എ. കുറുക്കോളി മൊയ്തീന് ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
മാര്‍ച്ചിലെ ചൂടുകാലാവസ്ഥയും റംസാന് വ്രതവും പരിഗണിച്ച് ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. അതിനാലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചത്. ഉച്ചക്ക് 1.30-ന് പരീക്ഷ ആരംഭിച്ച് 4.15-ന് അവസാനിക്കുന്ന ക്രമത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ട് വെള്ളിയാഴ്ചകളിലുളള ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രണ്ടുമണിക്കാരംഭിച്ച് 4.45-ന് അവസാനിക്കും.
പൊതുപരീക്ഷകള്‍ മാര്‍ച്ച് മാസത്തില്‍ നടത്തുന്നതിനാല്‍ പരീക്ഷകള്‍ രാവിലത്തെ സമയക്രമത്തിലേക്ക് മാറ്റുന്നത് മാര്‍ച്ചില്‍ പരീക്ഷ അവസാനിക്കാത്ത സാഹചര്യമുണ്ടാക്കുകയും ഫലപ്രഖ്യാപനം നീണ്ടുപോകുകയും വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കുകയും ചെയ്യും. ആയതിനാല്‍ പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം നിലവില്‍ പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഈ വര്‍ഷംമുതല്‍ രണ്ടാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കൊപ്പം നടത്തുന്നതിനാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താന്‍ ആകെ 18 ദിവസങ്ങള്‍ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
STORY HIGHLIGHT: higher secondary public exam