സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്.എഫ്.ഐ. ബില്‍ പാസാക്കുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച നടത്തണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ് വേണമെന്നും എസ്.എഫ്.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും ജീവനക്കാരുടേയും ജനാധിപത്യ അവകാശങ്ങള്‍. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ഥി യൂണിയന് ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വലിയ വേട്ടയാടലുകളാണ് സ്വകാര്യ-സ്വാശ്രയ കോളേജുകളില്‍ നടക്കുന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം വാര്‍ഷിക ബജറ്റില്‍ സ്വകാര്യ സര്‍വകലാശാല പ്രഖ്യാപനം നടത്തിയ സമയത്തുതന്നെ ആശങ്കയും അഭിപ്രായവും എസ്.എഫ്.ഐ പൊതുസമൂഹത്തിന് മുന്നില്‍ പങ്കുവെച്ചിരുന്നു. അന്ന് എസ്.എഫ്.ഐ ഉയര്‍ത്തിയ ആശങ്കകളും അഭിപ്രായങ്ങളും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ടെന്നാണ് സ്വകാര്യ സര്‍വകലാശാല ബില്ലിനെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ഉറപ്പ് വരുത്താന്‍ കേരളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്.എഫ്.ഐ പ്രസ്താവനയില്‍ പറയുന്നു.
STORY HIGHLIGHT: kerala private univesity bill