കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്കു പരാതി നൽകി കുടുംബം. കയർ ബോർഡ് ഓഫിസിലെ 4 ഉദ്യോഗസ്ഥർക്കെതിരെയാണു കുടുംബം പരാതി നൽകിയിരിക്കുന്നത്. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല, പ്രസാദ് കുമാർ, അബ്രഹാം സിയു എന്നിവർക്കെതിരെയാണു പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിനു ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചെന്നാണു പരാതിയിൽ പറയുന്നത്.
മേലുദ്യോഗസ്ഥരുടെ നിരന്തരമായ മാനസിക പീഡനത്തിന് ഇരയാണു താനെന്നു കാട്ടി ജോളി, രാഷ്ട്രപതി, പ്രധാനമന്ത്രി വകുപ്പു മന്ത്രി തുടങ്ങിയവർക്കു പരാതി അയച്ചിരുന്നെന്നാണു കുടുംബം പറയുന്നത്. അർഹമായ പ്രമോഷൻ തടഞ്ഞു, അസുഖബാധിതയായിട്ടും ആന്ധ്രയിലെ രാജമുണ്ട്രിയിലേക്കു സ്ഥലം മാറ്റി, അഞ്ചു മാസത്തെ ശമ്പളം പിടിച്ചുവച്ചു തുടങ്ങി ഒട്ടേറെ കാര്യങ്ങളാണു ജോളി ആരോപിച്ചിരുന്നത്.
2010 മുതൽ 2012 വരെയുള്ള കുറച്ചു കാലം ആലപ്പുഴയിൽ ജോലി ചെയ്തതൊഴിച്ചാൽ ബാക്കിയുള്ള സമയം മുഴുവൻ എറണാകുളത്തെ കയർ ബോർഡ് ഓഫിസിലാണു ജോലി ചെയ്തിരുന്നത്. അഴിമതിക്കെതിരെ പ്രതികരിച്ചതിനാണു ജോളിക്കെതിരെ ഇത്തരം നടപടികളുണ്ടായതെന്നു കുടുംബവും ആരോപിക്കുന്നു. എന്നാൽ വലിയ സ്ഥാപനമായ കയർ ബോർഡിൽ ഭരണപരമായ ആവശ്യങ്ങൾ മുൻനിർത്തി സ്ഥലംമാറ്റം ഉണ്ടാകുന്നതു സാധാരണമാണെന്നു കയർ ബോർഡ് പ്രതികരിച്ചു.
STORY HIGHLIGHT: coir board employees death