World

യുദ്ധഭീതിയിൽ വീണ്ടും ഗസ്സ; ശനിയാഴ്ചക്കുള്ളിൽ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

തെല്‍അവീവ്: യുദ്ധഭീതിയിൽ വീണ്ടും ഗസ്സ. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കി. എന്നാല്‍ വെടിനിർത്തൽ കരാർ മാനിക്കാതെ ബന്ദിമോചനമില്ലെന്ന്​ ഹമാസ്​ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും ഹമാസ്​ വിട്ടയക്കണമെന്ന യുഎസ്​ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപിന്‍റെ മുന്നറിയിപ്പിനെ പിന്തുണച്ചാണ് ഇസ്രായേലും രംഗത്ത് എത്തിയത്. ബന്ദികളെ വിട്ടില്ലെങ്കിൽ ഗസ്സക്കു മേൽ യുദ്ധം പുനരാരംഭിക്കുമെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

നാലു മണിക്കൂർ നീണ്ട ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗാനന്തരമാണ്​ നെതന്യാഹുവിന്‍റെ ഭീഷണി. ഇതേ തുടർന്ന്​ ഗസ്സ അതിർത്തിയിൽ ഇസ്രായേൽ യുദ്ധസന്നാഹങ്ങളും ശക്തമാക്കി. വെടിനിർത്തൽ കരാർ അടിക്കടി ഇസ്രായേൽ ലംഘിക്കുന്ന സാഹചര്യത്തിലാണ്​ ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം മാറ്റവെക്കുന്നതെന്ന്​ ഹമാസ്​ തിങ്കളാഴ്ച അറിയിച്ചിരുന്നു.

അതേസമയം, ബന്ദികളുടെ ജീവൻ രക്ഷിക്കാൻ ഹമാസുമായുള്ള കരാർ തുടരണമെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ ഉടനീളം പ്രക്ഷോഭം തുടരുകയാണ്​. 74 ബന്ദികൾ കൂടി ഹമാസിന്‍റെ പിടിയിൽ ഉണ്ടെന്നാണ്​ ഇസ്രയേൽ വ്യക്തമാക്കുന്നത്. അതിനിടെ, ഗസ്സ പദ്ധതി സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപ്​ ആവർത്തിച്ചു. ​

ഗസ്സ വിലകൊടുത്തു വാങ്ങി റിയൽ എസ്റ്റേറ്റ്​ പദ്ധതി ആരംഭിക്കുകയല്ല തന്‍റെ ലക്ഷ്യമെന്ന്​ ട്രംപ്​ വിശദീകരിച്ചു. അമേരിക്കയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ സമഗ്ര വികസനത്തിന്​ വഴിയൊരുക്കുന്നതാകും​ പദ്ധതി. ഗസ്സയിലെ ഫലസ്തീൻ ജനതയെ ജോർദാനും ഈജിപ്തും മറ്റു രാജ്യങ്ങളും ഏറ്റെടുക്കുമെന്നു തന്നെയാണ്​ താൻ കരുതുന്നതെന്നും ട്രംപ്​ പറഞ്ഞു.